ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി സംഘടിപ്പിച്ച പ്രത്യേക റിപ്പബ്ലിക് ദിനാഘോഷ വിരുന്നിൽ പങ്കെടുത്ത അതിഥികൾ

സൗദി-ഇന്ത്യ സൗഹൃദത്തിന്റെ കരുത്തുവിളിച്ചോതി ജിദ്ദയിൽ റിപ്പബ്ലിക് ദിനാഘോഷ വിരുന്ന്

ജിദ്ദ: ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപരമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും വിളിച്ചോതിക്കൊണ്ട് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക ആഘോഷ വിരുന്ന് ഏറെ ശ്രദ്ധേയമായി.

ചടങ്ങിന്റെ ഉദ്‌ഘാടനം

ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രാലയം മക്ക റീജൻ ഡയറക്ടർ ജനറൽ ഫരീദ് ബിൻ സാദ് അൽഷഹ്‌രി മുഖ്യാതിഥിയായും, ജിദ്ദ ഇസ്‌ലാമിക് പോർട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ ജനറൽ ക്യാപ്റ്റൻ സലിം അലി അൽമിഹ്‌വാരി വിശിഷ്ടാതിഥിയുമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി വിഭാവനം ചെയ്ത 'ഏക് പേഡ് മാ കേ നാം' പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കേക്ക് മുറിക്കുന്ന രീതിക്ക് പകരം, സുസ്ഥിരതയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് കോൺസുൽ ജനറലും പ്രധാന അതിഥികളും ചേർന്ന് ചെടികൾ നനച്ചുകൊണ്ടാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

സദസ്സ് 

40ഓളം രാജ്യങ്ങളുടെ കോൺസൽ ജനറൽമാർ, നയതന്ത്രജ്ഞർ, സൗദിയിലെ പ്രമുഖ ബിസിനസ് പ്രമുഖർ, സൗദി പടിഞ്ഞാറൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ സാമൂഹിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ വർണാഭമായ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധമാണ് ഉഭയകക്ഷി ബന്ധത്തിന്റെ നട്ടെല്ലെന്ന് കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ചടങ്ങിൽ ഊന്നിപ്പറഞ്ഞു.

പരിപാടിയിൽ അവതരിപ്പിച്ച കലാഇനങ്ങൾ

പരസ്പര വിശ്വാസത്തിലും പങ്കിട്ട തന്ത്രപരമായ താൽപര്യങ്ങളിലും അധിഷ്ഠിതമായ ഈ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും, പശ്ചിമ മേഖലയിലെ ഗവർണർമാരുമായും വ്യവസായ പ്രമുഖരുമായും ഉള്ള നിരന്തരമായ സമ്പർക്കം വ്യാപാര, നിക്ഷേപ, സാംസ്കാരിക മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2025 ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ സൗദി സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി 2025-ലെ ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധങ്ങളിലെ സുപ്രധാന നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശനവും, ഇന്ത്യയുടെ കരകൗശല, സാങ്കേതിക മികവ് വിളിച്ചോതുന്ന എക്സ്പീരിയൻസ് സോണുകളും ഒരുക്കിയിരുന്നു. 'ഇന്ത്യ-സൗദി ഇൻവെസ്റ്റ്‌മെന്റ് കണക്റ്റിന്റെ' രണ്ടാം പതിപ്പിന്റെ ടീസറും ചടങ്ങിൽ പ്രകാശനം ചെയ്തു. നൃത്താധ്യാപിക പുഷ്പ സുരേഷ് ചിട്ടപ്പെടുത്തിയ ഭരതനാട്യം, കഥക് തുടങ്ങിയ ക്ലാസിക്കൽ നൃത്തങ്ങൾ വേദിയിൽ അരങ്ങേറി. ഗായിക ഷിഫാന ഷാജിയും സംഘവും ദേശഭക്തി ഗാനം ആലപിച്ചു. ഇന്ത്യൻ ചലച്ചിത്രം 'തന്ത്ര'യുടെ പ്രത്യേക പ്രദർശനവും ചടങ്ങിന്റെ ഭാഗമായി ഉണ്ടായിരുന്നു.

Tags:    
News Summary - Saudi-India: Republic Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.