സൗദിയിൽ ദന്ത ഡോക്​ടർമാരിൽ 55 ശതമാനവും സൗദികളായിരിക്കണം, നിയമം പ്രാബല്യത്തിൽ

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ ദന്ത ചികിത്സ രംഗത്ത് സ്വദേശിവത്കരണത്തി​ന്റെ രണ്ടാംഘട്ടം ജനുവരി 27 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമപ്രകാരം ദന്ത ചികിത്സ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് 55 ശതമാനമായി ഉയർത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സൗദി ദന്ത ചികിത്സ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക്​ ഇത്​ വലിയ തിരിച്ചടിയാകും. ജനറൽ ഡെന്റിസ്​റ്റ്​, സ്​പെഷലിസ്​റ്റ്​ ഡോക്​ടർ തസ്​തികകളിലെല്ലാം ഇനി പകുതിയിൽ കൂടുതൽ സ്വദേശികളായിരിക്കണം. മൂന്നോ അതിലധികമോ ദന്ത ഡോക്ടർമാർ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് സൗദി കമീഷൻ ഫോർ ഹെൽത്ത് സ്​പെഷാലിറ്റീസി​ന്റെ നിലവിലുള്ള പ്രഫഷനൽ അക്രഡിറ്റേഷൻ ഉണ്ടായിരിക്കണം.

സ്വദേശിവത്കരണ പരിധിയിൽ ഉൾപ്പെടുന്ന ഒരു സൗദി ദന്ത ഡോക്ടറുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 9,000 സൗദി റിയാലായി നിശ്ചയിച്ചു. സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) ഈ തുക രേഖപ്പെടുത്തിയിരിക്കണം. രാജ്യത്തെ തൊഴിൽ വിപണിയിൽ തദ്ദേശീയരായ ഉദ്യോഗാർഥികളുടെ പങ്കാളിത്തം വർധിപ്പിക്കുക, സ്വദേശികൾക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. വിഷൻ 2030-​ന്റെ ഭാഗമായുള്ള ആരോഗ്യ മേഖലയിലെ പരിവർത്തന പദ്ധതികൾക്കും തൊഴിൽ വിപണി തന്ത്രങ്ങൾക്കും ഇത് കരുത്തുപകരും.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, സ്വദേശിവത്കരണവുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾക്ക് ഉദ്യോഗാർഥികളെ കണ്ടെത്താനും പരിശീലനം നൽകാനും ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെ​ന്റ് ഫണ്ടി​ന്റെ വിവിധ ആനുകൂല്യങ്ങളും പിന്തുണയും ലഭ്യമാകും. വിശദമായ മാർഗനിർദേശങ്ങൾ മാനവ വിഭവശേഷി മന്ത്രാലയത്തി​ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    
News Summary - 55 percent of dentists in Saudi Arabia must be Saudis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.