റിയാദിൽ നടന്ന 2026 അന്താരാഷ്ട്ര തൊഴിൽ വിപണി സമ്മേളനത്തിൽ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മദ് അൽറാജ്ഹി സംസാരിക്കുന്നു
റിയാദ്: ആഗോള തൊഴിൽ വിപണിയിൽ നിലവിൽ ദൃശ്യമാകുന്ന വൻമാറ്റങ്ങളുടെ പ്രധാന ചാലകശക്തി ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയുമാണെന്ന് (എ.ഐ) സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മദ് അൽറാജ്ഹി. റിയാദിൽ ‘2026 അന്താരാഷ്ട്ര തൊഴിൽ വിപണി സമ്മേളനം’ (ജി.എൽ.എം.സി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക സാങ്കേതികവിദ്യകൾ, പ്രത്യേകിച്ച് നിർമിതബുദ്ധി തൊഴിൽ മേഖലയെ പുനർനിർവചിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിനനുസരിച്ചുള്ള നൈപുണ്യ വികസനം അനിവാര്യമാണ്. സ്വകാര്യ മേഖലയിൽ 25 ലക്ഷം സ്വദേശികൾ ജോലിയിൽ പ്രവേശിച്ചുവെന്നത് സൗദി തൊഴിൽ വിപണിയുടെ വലിയ നേട്ടമാണ്. ലോകമെമ്പാടുമുള്ള 26.2 കോടി യുവാക്കൾ തൊഴിലില്ലായ്മയോ പരിശീലനത്തിന്റെ അഭാവമോ നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്.
റോബോട്ടുകൾ തൊഴിൽ വിപണിയെ മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും, അവ പല പരമ്പരാഗത ജോലികളെയും മാറ്റിസ്ഥാപിക്കുന്നുണ്ട്. ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ വിപണികൾ സജ്ജമാകണമെന്നും മന്ത്രി അഹ്മദ് അൽറാജ്ഹി ചൂണ്ടിക്കാട്ടി. സമീപ വർഷങ്ങളിൽ സൗദി അറേബ്യ കൈവരിച്ച സാമ്പത്തിക വളർച്ചയും തൊഴിൽ വിപണി പരിഷ്കരണങ്ങളും മന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ തൊഴിൽ നയങ്ങൾ രൂപീകരിക്കുന്നതിൽ സൗദി നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ കോൺഫറൻസ് സെന്ററിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് അന്താരാഷ്ട്ര തൊഴിൽ വിപണി സമ്മേളനം നടന്നത്. സൽമാൻ രാജാവിന്റെ പ്രത്യേക രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ‘പുരോഗതിയിലുള്ള ഭാവി’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടന്നത്. 100-ലധികം രാജ്യങ്ങളിൽ നിന്നായി ഏകദേശം 10,000 പ്രതിനിധികൾ ഇതിൽ പങ്കെടുത്തു. ഇതിൽ 40-ലധികം രാജ്യങ്ങളിലെ തൊഴിൽ മന്ത്രിമാരും ഉൾപ്പെടുത്തു.
ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ), വേൾഡ് ബാങ്ക്, യു.എൻ.ഡി.പി തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെയാണ് സൗദി മാനവ വിഭവശേഷി മന്ത്രാലയം സമ്മേളനം സംഘടിപ്പിച്ചത്. ആഗോള വ്യാപാരത്തിലുണ്ടാകുന്ന മാറ്റങ്ങൾ തൊഴിലവസരങ്ങളെ എങ്ങനെ ബാധിക്കുന്നു, അനൗദ്യോഗിക സാമ്പത്തിക മേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷയും ഉൽപ്പാദനക്ഷമതയും ഉറപ്പാക്കൽ, മാറുന്ന ലോകത്തിനനുസരിച്ചുള്ള പുതിയ ആഗോള തൊഴിൽ നൈപുണ്യങ്ങൾ, തൊഴിൽ ഉൽപ്പാദനക്ഷമതയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ യഥാർഥ സ്വാധീനം, പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള തൊഴിൽ വിപണി കെട്ടിപ്പടുക്കൽ, യുവാക്കൾക്കും മറ്റും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
നയരൂപീകരണ വിദഗ്ധർക്കായി ആരംഭിച്ച ലേബർ മാർക്കറ്റ് അക്കാദമിയുടെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഈ സമ്മേളനത്തിന്റെ ഭാഗമായി നടന്നു. 40 രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുത്ത പ്രത്യേക വട്ടമേശ സമ്മേളനത്തിലൂടെ അന്താരാഷ്ട്ര തലത്തിലുള്ള തൊഴിൽ നയങ്ങൾ ഏകീകരിക്കാൻ ചർച്ചകൾ നടന്നു. സൗദി വിഷൻ 2030-ന്റെ ഭാഗമായി തൊഴിൽ വിപണിയിൽ നടപ്പാക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ ആഗോളതലത്തിൽ അവതരിപ്പിക്കാനുള്ള വേദി കൂടിയായി സമ്മേളനം മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.