റിയാദ്: തലസ്ഥാന നഗരിയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾക്ക് തുടക്കമായി. നവീകരിച്ച അന്താരാഷ്ട്ര ടെർമിനൽ 2-ന്റെ ഉദ്ഘാടനവും, ടെർമിനലുകൾ 1, 2 എന്നിവയുടെ വികസന പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ നിർവഹിച്ചു.
പ്രതിവർഷം 60 ലക്ഷത്തിൽ നിന്നും 1.4 കോടി യാത്രക്കാരെ ഉൾക്കൊള്ളാവുന്ന രീതിയിലേക്ക് ശേഷി വർധിപ്പിച്ചു. ലോകനിലവാരത്തിലുള്ള രൂപകൽപനയിലും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും മികച്ച സേവന നിലവാരം ഉറപ്പാക്കിയുമാണ് ടെർമിനൽ നവീകരണം പൂർത്തിയാക്കിയത്. ആഗോള സമ്മേളനങ്ങൾക്കും സാമ്പത്തിക സംരംഭങ്ങൾക്കുമുള്ള രാജ്യാന്തര കേന്ദ്രമായി റിയാദിനെ മാറ്റുകയാണ് ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ, കിങ് ഖാലിദ് വിമാനത്താവളം ലോകത്തിലെ പ്രമുഖ വിമാനത്താവളങ്ങളോട് മത്സരിക്കത്തക്ക രീതിയിലുള്ള ഒരു വാസ്തുവിദ്യ നാഴികക്കല്ലായി മാറിയെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. റിയാദ് ഇപ്പോൾ ആഗോള അവസരങ്ങളുടെയും ഫോറങ്ങളുടെയും സംഗമ കേന്ദ്രമാണ്. ഈ വികസനം നഗരത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുമെന്നും അമീർ ഫൈസൽ ബിൻ ബന്ദർ ചൂണ്ടിക്കാട്ടി.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ദ്രുതഗതിയിലുള്ള വർധനവിനുള്ള കൃത്യമായ മറുപടിയാണ് ഈ വികസനമെന്ന് ഗതാഗത മന്ത്രി സ്വാലിഹ് അൽജാസർ പറഞ്ഞു. വിമാനത്താവള പ്രവർത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് അൽദുവൈലിജ് വ്യക്തമാക്കി.
1. മെച്ചപ്പെട്ട യാത്രാനുഭവം ഉറപ്പാക്കുന്നു.
2. വ്യോമയാന പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.
3. അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവത്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.