റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയിലെ ജിമ്മുകളിലും സ്പോട്സ് കേന്ദ്രങ്ങളിലും 15 ശതമാനം ജോലികൾ സൗദി പൗരന്മാർക്ക് മാത്രമായി സംവരണം ചെയ്യുന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വദേശിവത്കരണം സംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള സൗദി പൗരന്മാർക്ക് കൂടുതൽ പ്രചോദനാത്മകവും ഉൽപ്പാദനപരവുമായ തൊഴിലവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഈ മാസം (നവംബർ) 18 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നാലോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് സ്വദേശിവൽക്കരണം തീരുമാനം ബാധകമാകുക. പുരുഷ, വനിതാ ജിമ്മുകളിലെയും സപോർട്സ് കേന്ദ്രങ്ങളിലെയും 12 തൊഴിലുകൾക്ക് ഇത് ബാധകമാകും. സ്‌പോർട്‌സ് കോച്ച്, പ്രഫഷനൽ ഫുട്‌ബാൾ കോച്ച്, സ്‌പോർട്‌സ് സൂപ്പർവൈസർ, പേഴ്‌സണൽ ട്രെയിനർ, പ്രഫഷനൽ അത്‌ലറ്റിക്‌സ് കോച്ച് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സ്വകാര്യ മേഖലയിലെ കായിക സേവനങ്ങളുടെ ഗുണനിലവാരം സ്വദേശികവത്ക്കരണം വർധിപ്പിക്കുമെന്നും കായിക സ്ഥാപനങ്ങളിൽ കൂടുതൽ പ്രഫഷനൽ അന്തരീക്ഷത്തിന് സംജാതമാകുമെന്നും മാനവ വിഭവ ശേഷി മന്ത്രാലയം പറഞ്ഞു. സൗദികളെ ജോലിക്കെടുക്കാൻ സ്ഥാപനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള പരിപാടികൾ മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കുന്നുണ്ട്. നിയമനം, പരിശീലനം, യോഗ്യത, തൊഴിൽ, ജോലി നിലനിർത്തൽ എന്നിവയ്ക്കുള്ള പിന്തുണ ഇതിൽ ഉൾപ്പെടുന്നു.
സൗദിവത്ക്കരണ നിരക്ക്, ലക്ഷ്യമിടുന്ന തൊഴിലുകൾ, നടപടിക്രമങ്ങൾ എന്നിവ വിശദീകരിക്കുന്ന ഒരു ഗൈഡ് മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുകയും നടപ്പാക്കുകയും വേണം. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും കായിക മന്ത്രാലയവും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രഖ്യാപനം. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിൽ തീരുമാനം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള തുടർനടപടികൾ ഇരുമന്ത്രാലയങ്ങൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.