ജിദ്ദ: ഡൽഹിയിൽ ജനാധിപത്യപരമായി സമരം ചെയ്യുന്ന യുവജനങ്ങൾക്ക് നേരെ ഡൽഹി പൊലീസ് അഴിച്ചുവിട്ട ക്രൂരമായ ലാത്തിച്ചാർജും അറസ്റ്റുകളും ഭരണകൂട ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ മുഖമാണെന്ന് ജിദ്ദ നവോദയ യുവജന വേദി പ്രസ്താവനയിൽ അറിയിച്ചു. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പ്രവർത്തിക്കുന്ന പൊലീസ് സംവിധാനത്തെ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ആയുധമാക്കി മാറ്റുന്ന കേന്ദ്രസർക്കാരിെൻറ ഫാഷിസ്റ്റ് സമീപനം അത്യന്തം പ്രതിഷേധാർഹമാണ്.
രാജ്യത്തെ യുവജനങ്ങളുടെ ഭാവിയെ തകർക്കുന്ന തെറ്റായ നയങ്ങളും ഭരണപരമായ പരാജയങ്ങളും തുടർച്ചയായി ചോദ്യം ചെയ്യപ്പെടുമ്പോൾ, അതിന് മറുപടി നൽകേണ്ട കേന്ദ്രസർക്കാർ ജനാധിപത്യ ശബ്ദങ്ങളെ ലാത്തികൊണ്ടും കണ്ണീർവാതക ഷെല്ലുകൊണ്ടും അറസ്റ്റ് കൊണ്ടും നിശ്ശബ്ദമാക്കാമെന്ന വ്യാമോഹത്തിലാണ്. പ്രതിഷേധിക്കുന്ന യുവാക്കളെ ശത്രുക്കളായി കാണുന്ന സമീപനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ധാർമികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി ഉടൻ രാജിവെക്കണം. അതിന് തയ്യാറാകാതെ അധികാരത്തിെൻറ മറവിൽ ഒളിച്ചിരിക്കാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യുവജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാത്ത ഭരണകൂടം പൊലീസ് ബൂട്ടിെൻറ കരുത്തിൽ ഭരണം തുടരാനാണ് ശ്രമിക്കുന്നത്.
ഇന്ത്യൻ ഭരണഘടന ഓരോ പൗരനും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നു. ആ അവകാശത്തെ ചവിട്ടിമെതിക്കുന്ന നടപടികൾ ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനെ തന്നെയാണ് ആക്രമിക്കുന്നത്. പ്രതിഷേധങ്ങളെ അടിച്ചമർത്താനല്ല, യുവജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാനാണ് കേന്ദ്രസർക്കാർ തയ്യാറാകേണ്ടത്. ജനങ്ങളുടെ ശബ്ദത്തെ ലാത്തികൊണ്ട് ഇല്ലാതാക്കാനാവില്ലെന്നും അടിച്ചമർത്തൽ കൂടുംതോറും പ്രതിഷേധം കൂടുതൽ ശക്തമാകും എന്ന ചരിത്രപാഠം കേന്ദ്രസർക്കാർ മറക്കരുതെന്നും യുവജന വേദി കൂട്ടിച്ചേർത്തു.
ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും യുവജനങ്ങളുടെ അവകാശങ്ങൾക്കും ഒപ്പമെന്ന് പ്രഖ്യാപിച്ച് മുഴുവൻ ജനാധിപത്യ വിശ്വാസികളും ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ജിദ്ദ നവോദയ യുവജന വേദി കൺവീനർ ലാലു വേങ്ങൂർ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.