ഐ.സി.എഫ് ഇൻറർനാഷനൽ കൗൺസിൽ പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമർപ്പിച്ചപ്പോൾ
റിയാദ്/തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ അടിയന്തരമായി പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇൻറർനാഷനൽ കൗൺസിൽ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ച് പ്രവാസി ക്ഷേമത്തിനായുള്ള നിവേദനം സമർപ്പിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികളുടെ ജീവിതം സുഗമമാക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിരവധി നിർദേശങ്ങൾ ഐ.സി.എഫ് മുന്നോട്ടുവെച്ചു. ഭൂനികുതി, മ്യൂട്ടേഷൻ തുടങ്ങിയ റവന്യൂ സേവനങ്ങൾക്കായി നോർക്കയുമായി സംയോജിപ്പിച്ച് ‘വെർച്വൽ റവന്യൂ ഓഫീസ്’, എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിലാക്കുന്ന ‘എൻ.ആർ.ഐ സ്മാർട്ട് ഐ.ഡി’ എന്നിവ നടപ്പാക്കുകയായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ.
കൂടാതെ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ അക്ഷയ കേന്ദ്ര ശാഖകൾ ആരംഭിക്കുക, ഗൾഫിൽ സ്റ്റേറ്റ് സിലബസ് സ്കൂളുകൾ ആരംഭിക്കുക, ജില്ലാ കളക്ടറേറ്റുകളിൽ പ്രവാസി കുടുംബ സഹായ ഡെസ്കുകൾ, ഇ-പവർ ഓഫ് അറ്റോർണി, ‘വെർച്വൽ പ്രവാസി സഭ’ എന്നിവ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഇവ പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
ഐ.സി.എഫ് ഇൻറർനാഷനൽ പ്ലാനിങ് ബോർഡ് ചെയർമാൻ അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സെക്രട്ടറിമാരായ ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, അബ്ദുൽ കരീം ഹാജി മേമുണ്ട, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.