റിയാദ്: പ്രവാസി മലയാളികൾക്കായി ഈ സീസണിൽ ആദ്യമായി സംഘടിപ്പിക്കുന്ന ബ്ലാക് ആൻഡ് വൈറ്റ് എഫ്.സി ഫുട്ബാൾ ടൂർണമെൻറിന് അൽഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച തുടക്കമാകും. രാത്രി 10-ന് നടക്കുന്ന ആദ്യ മത്സരത്തിൽ യൂത്ത് ഇന്ത്യ എഫ്.സിയും നഹ്ദ എഫ്.സിയും ഏറ്റുമുട്ടും. വ്യാഴം, വെള്ളി ദിവസങ്ങളിലായി പ്രീക്വാർട്ടർ മത്സരങ്ങളും അടുത്ത രണ്ടാഴ്ചത്തെ വാരാന്ത്യങ്ങളിലായി ബാക്കി മത്സരങ്ങളും നടക്കും.
ടൂർണമെൻറിലെ ഗ്രൂപ്പ് എയിൽ യൂത്ത് ഇന്ത്യ, നഹ്ദ എഫ്.സി, അൽ സാദ് എഫ്.സി, എഫ്.സി ദാറുൽ ബൈദ എന്നീ ക്ലബുകളും, ഗ്രൂപ്പ് ബിയിൽ റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സി, സോക്കർ ക്ലബ് റിയാദ്, അൽ മുറൂജ് യുനൈറ്റഡ് എഫ്.സി, സ്പോർട്ടിങ് എഫ്.സി എന്നീ ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്.
വെള്ളിയാഴ്ച രാത്രി ഒമ്പതിന് ആരംഭിക്കുന്ന മത്സരങ്ങളിൽ കനിവ് റിയാദ് റെയിൻബോ എഫ്.സിയുമായും, സനാഇയ്യ പ്രവാസി റിയൽ കേരളയുമായും, ബ്ലാസ്റ്റേഴ്സ് വാഴക്കാട് സദ്വ എഫ്.സിയുമായും, സുലൈ എഫ്.സി ബൈടീമായും കളത്തിലിറങ്ങും. പരമ്പരാഗത ടീമുകൾക്ക് പുറമെ പുതിയ ക്ലബ്ബുകളും ഈ ടൂർണമെൻറിൽ ഭാഗ്യപരീക്ഷണം നടത്തുന്നുണ്ട്. മത്സരത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ ബഷീർ കാരന്തൂർ, ബ്ലാക് ആൻഡ് വൈറ്റ് എഫ്.സി ടെക്നിക്കൽ ചെയർമാൻ അബ്ദുൽ ഹക്കീം എന്നിവർ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ റിഫ ഭാരവാഹികൾ, പ്രായോജകർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.