സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ ബിൻ ഹസ്സൻ അൽ മിസ്ഹൽ
റിയാദ്: ഈ മാസം 14 മുതൽ ജൂലൈ ആറു വരെ അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന ‘ഗോൾഡ് കപ്പ്’ ഫുട്ബാളിൽ സൗദി ദേശീയ ടീമിന്റെ പങ്കാളിത്തം അഭിമാനകരമെന്ന് സൗദി അറേബ്യൻ ഫുട്ബൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ ബിൻ ഹസ്സൻ അൽ മിസ്ഹൽ.
ടീമിന്റെ വികസനത്തിനും അന്താരാഷ്ട്ര വേദികളിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടൂർണമെന്റിൽ പങ്കെടുക്കുന്ന സൗദി പ്രതിനിധി സംഘത്തിന്റെ ദൗത്യത്തിൽ അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദറും ലോസ് ഏഞ്ചൽസിലെ സൗദി കോൺസൽ ജനറൽ ബന്ദർ ബിൻ ഫഹദ് അൽ സൈദും കാണിച്ച താൽപര്യത്തിനും നൽകിയ പിന്തുണയ്ക്കും അൽ മിസ്ഹൽ നന്ദി പറഞ്ഞു. ഈ പങ്കാളിത്തം ഒരു ചരിത്ര നാഴികക്കല്ലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫുട്ബാൾ രംഗത്ത് സൗദി ആവിഷ്കരിച്ച പുതിയ തന്ത്രത്തിന്റെ ഭാഗമാണിത്.
അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പങ്കാളിത്തം വിപുലീകരിക്കുക, കളിക്കാർക്ക് ഉയർന്ന തലത്തിലുള്ള അന്താരാഷ്ട്ര സാങ്കേതിക അനുഭവങ്ങൾ സ്വായത്തമാക്കാനുള്ള അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഈ തന്ത്രത്തിനുണ്ട്. കളിക്കാരുടെ ദൃഢനിശ്ചയവും സാങ്കേതിക ജീവനക്കാരിലുള്ള വിശ്വാസവും ഞങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. വരാനിരിക്കുന്ന മത്സരങ്ങൾക്കായി, പ്രത്യേകിച്ച് 2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ദേശീയ ടീമിന്റെ സന്നദ്ധത വർധിപ്പിക്കുന്നതിനുള്ള ഒരു അധിക അവസരമായിക്കൂടി ഗോൾഡ് കപ്പിലെ അവസരത്തെ കണക്കാക്കുന്നുവെന്നും അൽമിസ്ഹൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.