റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സുരക്ഷാ സേന പരിശോധന ശക്തമാക്കി. രാജ്യത്തിെൻറ വിവിധ മേഖലകളിൽ ആഗസ്റ്റ് 13 മുതൽ 19 വരെയുള്ള കാലയളവിൽ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനകളിൽ 14,260-ഓളം നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.
പിടിയിലായവരിൽ 6,900 പേർ ഇഖാമ (താമസരേഖ) നിയമലംഘകരും, 3,982 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, 3,378 പേർ തൊഴിൽ നിയമങ്ങൾ പാലിക്കാത്തവരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,524 പേരെയാണ് സുരക്ഷാസേന പിടികൂടിയത്. ഇവരിൽ 63 ശതമാനം പേർ ഇത്യോപ്യൻ പൗരന്മാരും 36 ശതമാനം പേർ യമൻ പൗരന്മാരുമാണ്.
അതിർത്തി വഴി സൗദിയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച 38 പേരും സുരക്ഷാ വിഭാഗത്തിെൻറ പിടിയിലായി. കൂടാതെ, നിയമലംഘകർക്ക് അനധികൃതമായി താമസസൗകര്യം ഒരുക്കുക, ഗതാഗതസൗകര്യം നൽകുക, ജോലിക്ക് നിർത്തുക, വിവരങ്ങൾ മറച്ചുവെക്കുക തുടങ്ങിയ കുറ്റങ്ങളിൽ ഏർപ്പെട്ട 42 പേരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവിൽ 31,900-ൽ അധികം അനധികൃത കുടിയേറ്റക്കാരാണ് നിയമപരമായ തുടർനടപടികൾ നേരിടുന്നത്. ഇതിൽ 29,900 പുരുഷന്മാരും 1,961 സ്ത്രീകളും ഉൾപ്പെടുന്നു. യാത്രാരേഖകൾ തയാറാക്കുന്നതിനായി 18,800 നിയമലംഘകരെ അതത് രാജ്യങ്ങളുടെ നയതന്ത്ര മിഷനുകളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. 5,300 പേർ യാത്രാ ടിക്കറ്റുകൾ തയാറാക്കുന്നതിനുള്ള നടപടികളിലാണ്. ഇതിനകം 13,700 പേരുടെ നാടുകടത്തൽ നടപടികൾ പൂർത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ, വാഹനങ്ങളിൽ എത്തിക്കുകയോ, അഭയം നൽകുകയോ, ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ചെയ്തുനൽകുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇത്തരക്കാർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും നേരിടേണ്ടി വരും. കൂടാതെ കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിച്ച കെട്ടിടങ്ങളും കണ്ടുകെട്ടുകയും, പ്രതികളുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യും. ജാമ്യമില്ലാത്തതും അഭിമാനത്തിനും വിശ്വസ്തതയ്ക്കും കളങ്കമുണ്ടാക്കുന്നതുമായ പ്രധാന കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും സുരക്ഷാ വിഭാഗത്തെ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.