ഹറമൈൻ ടിക്കറ്റ്​ നിരക്കിന്​ അംഗീകാരം; മക്ക-മദീന 150 റിയാൽ മുതൽ

ജിദ്ദ: മക്ക-മദീന അൽഹറമൈൻ ട്രെയിൻ ടിക്കറ്റ്​ നിരക്കുകൾക്ക്​​ സൗദി റെയിൽവേയുടെ അംഗീകാരം. 150 റിയാൽ ആണ് മക്കയിൽ നിന്ന്​ മദീനയിലേക്ക്​ ഇകണോമി ക്ലാസ്​ നിരക്ക്​​. ആദ്യ രണ്ടുമാസത്തേക്ക്​ നിരക്കുകളിൽ 50 ശതമാനം ഇളവു നൽകുമെന്നും പൊതുഗതാഗത ജനറൽ അതോറിറ്റി മേധാവിയും സൗദി റെയിൽവേ ജനറൽ മാനേജർ ഇൻചാർജ്ജുമായ ഡോ. റുമൈഹ്​ അൽറുമൈഹ്​ വ്യക്​തമാക്കി​. പദ്ധതി പ്രവർത്തിപ്പിക്കുന്ന സ്​പാനിഷ്​ കമ്പനിയുമായി ധാരണയുണ്ടാക്കിയ ശേഷം ഗതാഗതമന്ത്രി ഡോ. നബീൽ അൽആമൂദിയുടെ മേൽനോട്ടത്തിലുള്ള സൗദി റെയിൽവേ ഭരണ സമിതിയാണ്​ ടിക്കറ്റ്​ നിരക്കിന്​ അനുമതി നൽകിയത്​. ഇക്കണോമി, ബിസിനസ്​ എന്നിങ്ങനെ രണ്ടുക്ലാസുകളാണ്​ ​െട്രയിനിലുണ്ടാകുക. ജിദ്ദ സുലൈമാനിയ സ്​റ്റേഷനിൽ നിന്ന്​ മക്കയിലേക്ക്​ ഇകണോമി ക്ലാസ്​ നിരക്ക്​ 40 റിയാൽ ആണ്​. ബിസിനസ്​ ക്ലാസിൽ 50 റിയാൽ.

മക്കക്കും മദീനക്കുമിടയിൽ ഇകണോമി ക്ലാസ്​ നിരക്ക്​ 150 റിയാൽ മുതലാണ്​. 250 റിയാണ്​ ബിസിസസ്​​ ക്ലാസിന്. ​ട്രെയിൽ സർവീസ്​ ഒൗദ്യോഗിക സർവീസ്​ ആരംഭിച്ചതു മുതൽ രണ്ട്​ മാസത്തേക്ക്​ ഇകണോമി, ബിസിനസ്സ്​ ക്ലാസുകൾക്ക്​ പകുതി നിരക്ക്​ നൽകിയാൽ മതി. പദ്ധതിയുടെ ആദ്യഘട്ടമായ അടുത്ത മാസം ആദ്യം മുതൽ ഡിസംബർ അവസാനം വരെ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്​. മക്ക, മദീന, ജിദ്ദ, റാബിഗ്​ കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റി എന്നിവിടങ്ങളിലാണ്​ സ്​റ്റേഷനുകൾ. എന്നാൽ ജിദ്ദ വിമാനത്താവളം സ്​റ്റേഷനിൽ നിന്നുള്ള സർവീസ്​ റെയിൽവേ സ്​റ്റേഷനും വിമാനത്താവള നിർമാണ ജോലികളും പൂർത്തിയായ ശേഷമായിരിക്കും.

ഇതു പിന്നീട്​ അറിയിക്കുമെന്നും പൊതുഗതാഗത അതോറിറ്റി മേധാവി പറഞ്ഞു. പ്രത്യേക വെബ്​സൈറ്റ്​ വഴി ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ ഒക്​ടോബറിൽ തന്നെ സൗകര്യമുണ്ടാകുമെന്ന്​ അൽഹറമൈൻ പദ്ധതി ജനറൽ മാനേജർ എൻജിനീയർ മുഹമ്മദ്​ അൽഫിദാ പറഞ്ഞു. സ്​മാർട്ട്​ സംവിധാനത്തിൽ ടിക്കറ്റ്​ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക്​ പ്രത്യേക ആപ്​​ ഒരുക്കും. സ്​റ്റേഷനുകളിൽ കടകൾക്കായി നീക്കിവെച്ച സ്​ഥലങ്ങൾ വാടകക്ക്​ നൽകാൻ ആരംഭിച്ചിട്ടുണ്ട്​. സർവീസ്​ ആരംഭിക്കുന്നതോടെ യാത്രക്കാർക്ക്​ വേണ്ട സാധനങ്ങൾ വാങ്ങാൻ ​​റസ്​​റ്റോറൻറുകളും വിവിധ ഇനം കടകളുമുണ്ടാകും. 7,66,000 ചതുരശ്ര മീറ്റർ വിസ്​തൃതിയിലാണ്​ ജിദ്ദ സ്​റ്റേഷൻ നിർമിച്ചിരിക്കുന്നത്​. ട്രെയിനുകൾക്ക്​ ഏഴ്​ പാതകളുണ്ട്​. 25,000 യാത്രക്കാരെ ഒരു മണിക്കൂറിൽ ഉൾക്കൊള്ളാനാകും. മക്ക സ്​റ്റേഷൻ ഹറമിൽ നിന്ന്​ നാല്​ കിലോമീറ്റർ അകലെയാണ്​.

5,03,000 ചതുരശ്ര മീറ്ററിൽ റുസൈഫയിലാണിത്​​. 10 പാതകളുണ്ട്​. മണിക്കൂറിൽ 20000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. മദീന സ്​റ്റേഷൻ മസ്​ജിദുന്നബവിയിൽ നിന്ന്​ ഒമ്പത്​ കിലോമീറ്റർ അകലെയാണ്​. ആറ്​ പാതകളുള്ള സ്​റ്റേഷനിൽ മണിക്കൂറിൽ 4000 യാത്രക്കാരെ ഉൾക്കൊള്ളാനാകും. കിങ്​ അബ്​ദുല്ല ഇകണോമിക്​ സിറ്റി സ്​റ്റേഷൻ പുതിയ മദീന റോഡിന്​ അടുത്താണ്​. ആറ്​ പാതകളുള്ള സ്​റ്റേഷനിൽ 8000 യാത്രക്കാരെ മണിക്കൂറിൽ ഉൾക്കൊള്ളാനാകും. നിർദിഷ്​ട ജിദ്ദ വിമാനത്താവള സ്​റ്റേഷൻ ഒമ്പത്​ പാതകളോട്​ കൂടിയാണ്​. വിമാനത്തിലെത്തുന്നവർക്ക്​ മക്ക, മദീന എന്നിവിടങ്ങളിലേക്ക്​ പോകുന്നവർ ഇൗ സ്​റ്റേഷൻ ഏറെ ഉപകാരപ്പെടും. ഒരോ സ്​റ്റേഷനിലും യാത്രാഹാളുകൾക്ക് പുറമെ​ ബസ്, ടാക്​സി സ്​റ്റാൻഡുകൾ, ഹെലി​പാഡ്​​, പാർക്കിങ്​ സ്​ഥലങ്ങൾ, സിവിൽ ഡിഫൻസ്​ കേന്ദ്രം, ആരാധനാലയം, കച്ചവട സ്​ഥാപനങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.