സിറിയക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള സംയുക്ത കരാറിൽ എസ്.എഫ്.ഡി,
ക്യു.എഫ്.എഫ്.ഡി ഉദ്യോഗസ്ഥർ ഒപ്പുവെക്കുന്നു
യാംബു: സിറിയയുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കും രാജ്യത്തിന്റെ ബഹുമുഖ വളർച്ച ലക്ഷ്യം വെച്ചും സൗദിയും ഖത്തറും സംയുക്ത സഹായപദ്ധതിക്ക് തുടക്കം കുറിച്ചു. 8.9 കോടി ഡോളർ സംയുക്ത സാമ്പത്തിക സഹായം നൽകാനാണ് ഇരു രാജ്യങ്ങളും ധാരണയിലായത്. സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെയും (എസ്.എഫ്.ഡി), ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെയും (ക്യു.എഫ്.എഫ്.ഡി) ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. മൂന്നുമാസ കാലയളവിൽ പൊതുമേഖല ജീവനക്കാർക്ക് സംയുക്ത സംഭാവന വഴി സഹായം നൽകും. സിറിയൻ ജനതക്ക് അവശ്യ പൊതുസേവനങ്ങൾ തടസ്സമില്ലാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും രാജ്യത്തിന്റെ ബജറ്റ് വിഹിതം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.
സുസ്ഥിര ഉപജീവനമാർഗങ്ങളും സമഗ്ര സാമ്പത്തിക വീണ്ടെടുക്കലും വർധിപ്പിക്കുക എന്നതാണ് സംരംഭത്തിന്റെ മറ്റൊരു ലക്ഷ്യമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുമായി ഏകോപിപ്പിച്ച് നടപ്പിലാക്കിയ പദ്ധതി, സുസ്ഥിര വികസന ശ്രമങ്ങളെയും സ്ഥാപന സംവിധാനങ്ങളെയും ശക്തിപ്പെടുത്തുകയും രാജ്യത്തുടനീളം വിവിധ മേഖലകളിൽ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ സാമ്പത്തിക മേഖല കരുത്താർജിക്കാനും പദ്ധതി ഫലം ചെയ്യുമെന്ന് വിലയിരുത്തുന്നു.സൗദിയും ഖത്തറും നൽകുന്ന ധനസഹായം സിറിയയിൽ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധാനംചെയ്യുന്നു. കൂടാതെ സിറിയക്കും അവിടത്തെ ജനങ്ങൾക്കും വളർച്ചക്കും സമൃദ്ധിക്കും അവസരങ്ങളെ പിന്തുണക്കുന്നതിന്റെ സുപ്രധാന പ്രാധാന്യം അടിവരയിടുന്നു. സിറിയയിലെ മെച്ചപ്പെട്ട സാമൂഹിക വികസനത്തിനും സാമ്പത്തിക ക്ഷേമത്തിനും സംഭാവന നൽകിക്കൊണ്ട്, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഉദാഹരണമാണ് ഈ സംരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.