റിയാദിൽ തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ‘തലശ്ശേരി നോമ്പുതുറ -26’
റിയാദ്: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ) റിയാദ് ഘടകം അംഗങ്ങൾക്കായി സംഘടിപ്പിച്ച ‘തലശ്ശേരി നോമ്പുതുറ 26’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എഴുന്നൂറിലധികം പേർ പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും ആത്മീയതയുടെയും വേദിയായി മാറി. പ്രസിഡൻറ് അൻവർ സാദത്ത് കാത്താണ്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷമീർ തീക്കൂക്കിൽ റമദാൻ സന്ദേശം നൽകി.
ചടങ്ങിൽ അസോസിയേഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശിപ്പിച്ചു. തലശ്ശേരിയുടെ തനതായ രുചിക്കൂട്ടുകളുമായി ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ കുടുംബിനികൾ തയ്യാറാക്കിയ വിഭവങ്ങൾ നോമ്പുതുറയുടെ പ്രധാന ആകർഷണമായിരുന്നു. ചടങ്ങിനോടനുബന്ധിച്ച് റിയാദ് അൽ റയാൻ ഇൻറർനാഷനൽ പോളിക്ലിനിക്കിലെ ഓർത്തോപീഡിക് സർജൻ ഡോ. ഹാഷിം തൈലക്കണ്ടി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്കായി സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
മഗ്രിബ്, ഇഷാഅ്, തറാവീഹ് നമസ്കാരങ്ങൾക്ക് ഹാഫിസ് ഇമ്രാൻ അൽ മനാര നേതൃത്വം നൽകി. ഈ വർഷം അസോസിയേഷൻ സംഘടിപ്പിച്ച റിപ്പബ്ലിക് ഡേ ക്വിസ്, സ്പോർട്സ് ക്വിസ്, റമദാൻ ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ടി.എം.ഡിബ്ല്യു.എ സ്ഥാപക അംഗവും നാട്ടിലെ ലോക്കൽ കോ-ഓഡിനേഷൻ ടീം അംഗവുമായ ഒ.വി. മുഹമ്മദ് റഫീഖ് ആശംസകൾ നേർന്നു.
ഇവൻറ്സ് ഹെഡ് പി.സി. ഹാരിസ്, അഫ്താബ് അമ്പിലായിൽ എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളും ലേഡീസ് വിങ്ങും നോമ്പുതുറയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. മുഹമ്മദ് നജാഫ് അവതാരകനായ ചടങ്ങിൽ പി.സി. ഹാരിസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.