ലോകകപ്പിലെ സൗദി പങ്കാളിത്തം കായികരംഗത്തെ ഗുണപരമായ വികസനത്തി​​െൻറ പ്രതിഫലനം -അമീറ റീമ ബിൻത് ബന്ദർ

റിയാദ്: 2026-ലെ ഫിഫ ലോകകപ്പിൽ സൗദി അറേബ്യൻ ദേശീയ ടീമി​​െൻറ പങ്കാളിത്തം ആഗോള ഫുട്ബാളിലെ രാജ്യത്തി​​െൻറ ശക്തമായ സാന്നിധ്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ പ്രസ്താവിച്ചു. കായിക മേഖലയെ ശാക്തീകരിക്കുന്നതിനും പ്രാദേശിക അന്തർദേശീയ തലങ്ങളിൽ രാജ്യത്തി​​െൻറ സാന്നിധ്യം വർധിപ്പിക്കുന്നതിനും ഭരണകൂട നേതൃത്വം നൽകുന്ന പരിധിയില്ലാത്ത പിന്തുണയുടെ ഫലമായാണ് ഈ നേട്ടമെന്ന് സൗദി പ്രസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അവർ വ്യക്തമാക്കി.

‘വിഷൻ 2030’ പദ്ധതി മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാടുകളുടെയും അവസരങ്ങളുടെയും പശ്ചാത്തലത്തിൽ സൗദി കായികരംഗം ഇന്ന് അഭൂതപൂർവമായ ഒരു ചരിത്ര ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് കായിക മത്സരങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പങ്കാളിത്തം വർധിപ്പിക്കുന്നതിനും കാരണമായി. പ്രമുഖ അന്താരാഷ്​ട്ര ചാമ്പ്യൻഷിപ്പുകൾക്ക് വിജയകരമായി ആതിഥേയത്വം വഹിക്കാൻ സാധിച്ചതോടെ ആഗോള കായിക ഭൂപടത്തിൽ ഒരു പ്രധാന കേന്ദ്രമായി മാറാൻ സൗദിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ലോകകപ്പിൽ പങ്കെടുക്കുന്ന സൗദി ദേശീയ ടീമിനെ പിന്തുണക്കുന്നതിനും കളി കാണാനെത്തുന്ന സൗദി ആരാധകർ, ഔദ്യോഗിക പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി അമേരിക്കയിലെ സൗദി എംബസി ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ഈ ആഗോള കായിക മാമാങ്കത്തിൽ രാജ്യത്തി​​െൻറ യശസ്സിനും പദവിക്കും യോജിച്ച രീതിയിൽ സൗദി ജനതയുടെ മികച്ച പ്രതിച്ഛായ ലോകത്തിന് മുന്നിൽ പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം.

വാഷിങ്ടണിൽ നടന്ന സ്പോർട്സ് ഡിപ്ലോമസി ഉച്ചകോടിയിലെ പങ്കാളിത്തവും, ‘എംബസീസ് കപ്പി’ൽ എംബസി ടീം കൈവരിച്ച വിജയവും കായികരംഗത്തോടുള്ള സൗദിയുടെ സവിശേഷമായ കാഴ്ചപ്പാടാണ് വ്യക്തമാക്കുന്നത്. കായികം എന്നത് വെറുമൊരു മത്സരം മാത്രമല്ല, മറിച്ച് വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള പാലവും, സാംസ്കാരിക ധാരണ വളർത്തുന്നതിനും ആഗോള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള ശക്തമായ വേദിയുമാണെന്ന സൗദിയുടെ വിശ്വാസത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

സൗദി ജനതയുടെ വലിയ അഭിലാഷങ്ങളും കായികപ്രേമികളുടെ ആവേശവും നെഞ്ചേറ്റിയാണ് ദേശീയ ടീം ലോകകപ്പ് പോരാട്ടത്തിനിറങ്ങുന്നത്. കളിയിലെ വിജയപരാജയങ്ങൾക്കപ്പുറം ടീമിലെ ഓരോ കളിക്കാരിലും രാജ്യം പൂർണ വിശ്വാസമർപ്പിക്കുന്നു. അവർ രാജ്യത്തി​​െൻറ പതാകയെയും അതി​​െൻറ മൂല്യങ്ങളെയും സൗദി യുവാക്കളുടെ വലിയ സ്വപ്നങ്ങളെയുമാണ് ആഗോള വേദിയിൽ പ്രതിനിധീകരിക്കുന്നതെന്നും അമീറ റീമ ബിൻത് ബന്ദർ ഓർമിപ്പിച്ചു.

Tags:    
News Summary - Saudi participation in the World Cup reflects positive growth in sports sector: Amira Reema bint Bandar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.