റിയാദ്: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷ പദ്ധതിയുടെ പുതിയ വർഷത്തെ അംഗത്വ കാമ്പയിൻ ഞായറാഴ്ച അവസാനിക്കുമെന്ന് നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് എന്നിവർ അറിയിച്ചു. കോഴിക്കോട് ആസ്ഥാനമായ കെ.എം.സി.സി കേരള ട്രസ്റ്റാണ് സുരക്ഷ പദ്ധതി നടത്തി വരുന്നത്.
ഒക്ടോബർ 15നാണ് കാമ്പയിൻ ആരംഭിച്ചത്. സൗദിയിൽ അഞ്ച് മേഖലകളാക്കിയാണ് പദ്ധതിയുടെ പ്രചാരണം നടന്നത്. പദ്ധതി ആരംഭിച്ച് ഒരു വ്യാഴവട്ടക്കാലത്തിനിടെ അംഗങ്ങളായിരിക്കെ മരിച്ച 600 ഓളം പേരുടെ കുടുംബങ്ങൾക്ക് 40 കോടിയിലധികം രൂപയുടെ ആനുകൂല്യമാണ് ഇതുവരെ നൽകിയത്. കൂടാതെ 2000ൽപരം ആളുകൾക്ക് ചികിത്സാസഹായവും നൽകി. മൂന്ന് ലക്ഷം രൂപയാണ് മരണാനന്തര സഹായമായി നൽകുന്നത്. 2014ൽ പദ്ധതി ആരംഭിച്ചത് മുതൽ തുടർച്ചയായി അംഗമായിരിക്കുന്നയാൾക്ക് മരണം സംഭവിച്ചാൽ അടുത്ത വർഷം മുതൽ ആശ്രിതർക്ക് 12 ലക്ഷം രൂപയാണ് ആനുകൂല്യമായി ലഭിക്കുക. 10 വർഷം അംഗമായവർക്ക് 10 ലക്ഷവും കുറഞ്ഞത് രണ്ട് വർഷമെങ്കിലും തുടർച്ചയായി അംഗമാകുന്നവർക്ക് ആറ് ലക്ഷവും പുതിയ അംഗങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുമാണ് മരണാനന്തരം ആശ്രിതർക്ക് നൽകുക.
വിവിധ രോഗങ്ങൾ ബാധിച്ചാൽ തുടർചികിത്സക്കുള്ള സഹായവും പദ്ധതി വഴി നൽകുന്നുണ്ട്. സൗദിയിൽ ജോലി ചെയ്യുന്ന ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ എല്ലാ മലയാളികൾക്കും പദ്ധതിയിൽ അംഗമാകാനാവും. കാമ്പയിൻ കാലയളവിൽ ഓൺലൈൻ വഴിയും നേരിട്ടും അംഗത്വമെടുക്കാനും പുതുക്കാനും കഴിയും. mykmcc.org എന്ന വെബ്സൈറ്റ് അംഗത്വമെടുക്കാനുള്ള സൗകര്യമുണ്ട്. സെൻട്രൽ കമ്മിറ്റികൾ നിശ്ചയിക്കുന്ന ഉപസമിതിയും കോഓഡിനേറ്റർമാരുമാണ് മേൽനോട്ടം വഹിക്കുന്നത്. തുടർച്ചയായി ആറ് വർഷം പദ്ധതിയിൽ അംഗമായി, പ്രവാസമവസാനിപ്പിച്ചവരും 60 കഴിഞ്ഞവരുമായ അംഗത്തിന് മാസാന്തം 2,000 രൂപ പെൻഷൻ നൽകുന്ന ‘ഹദിയ്യത്തു റഹ്മ’ എന്ന പദ്ധതിയും ഇതോടനുബന്ധിച്ച് കഴിഞ്ഞ വർഷം മുതൽ നാഷനൽ കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.