ദമ്മാം: സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ രാജിവെച്ചു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് വർക്കിങ് കമ്മിറ്റിക്ക് അദ്ദേഹം രാജിക്കത്ത് നൽകിയത്. യോഗം നടന്നുകൊണ്ടിരിക്കെ കത്ത് കൈമാറിയശേഷം അദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു. എന്നാൽ വർക്കിങ് കമ്മിറ്റി രാജി സ്വീകരിച്ചില്ല. രാജി പിൻവലിപ്പിക്കുന്നതിന് അദ്ദേഹവുമായി സംസാരിക്കാൻ നാഷനൽ കമ്മിറ്റിയുടെ രണ്ട് പ്രധാന നേതാക്കളെ ചുമതലപ്പെടുത്തി.
വൈസ് പ്രസിഡൻറ് ഖാദർ മാസ്റ്ററെ താൽക്കാലിക പ്രസിഡൻറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി കെ.എം.സി.സിയെ നയിക്കുന്ന അദ്ദേഹം നേരത്തെയും രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രവർത്തകരുടെ അഭ്യർഥന മാനിച്ച് തുടരുകയായിരുന്നു. ഇത്തവണയും അങ്ങനെതന്നെ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വർക്കിങ് കമ്മിറ്റിയിലെ ചില പ്രവർത്തകർ പ്രതികരിച്ചു. ജുബൈൽ കമ്മിറ്റിയിലെ വിഭാഗീയതയാണ് രാജിക്ക് പിന്നിലെന്ന് പ്രചാരണമുണ്ടെങ്കിലും അത് തെറ്റാണെന്ന് പ്രവർത്തകർ പറയുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ട് സംഘം ഒന്നൊയി മുന്നോട്ട് പോവുകയാണെന്നും അവർ പറഞ്ഞു.
ദമ്മാം: കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ പ്രസിഡൻറ് സ്ഥാനം രാജിവെച്ചത് ശരിയാണെന്ന് മുഹമ്മദ് കുട്ടി കോഡൂർ സ്ഥിതീകരിച്ചു. എന്നാൽ രാജി സ്വീകരിച്ചതായുള്ള വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് സംഘടന ഭാരവാഹിത്വത്തിൽനിന്നുള്ള രാജി.
തീർത്തും വ്യക്തിപരമാണ് കാരണം. കഴിഞ്ഞ ദിവസം ദമ്മാമിലെ അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ രാജിക്കത്ത് കൈമാറി. കെ.എം.സി.സിയിൽ വിഭാഗീയതയുണ്ടെന്ന തരത്തിലുള്ള വാർത്ത വാസ്തവമല്ല. ഭൂരിപക്ഷ അംഗങ്ങളും തന്നോടൊപ്പം നിലകൊള്ളുമ്പോൾ ഇങ്ങനൊരു വാർത്ത പ്രചരിപ്പിക്കുന്നതിന് പിന്നിൽ ചില ദുഷ്ടശക്തികളാണ്.
നേരത്തെയും താൻ രാജി സന്നദ്ധത അറിയിച്ചിരുന്നതാണ്. എന്നാൽ വർക്കിങ് കമ്മിറ്റിയുടെ നിർബന്ധത്തിന് വഴങ്ങി തുടരുകയായിരുന്നു. ഗ്രൂപ് രാഷ്ട്രീയത്തിനോ, വിഭാഗീയ പ്രവർത്തനങ്ങൾക്കോ കെ.എം.സി.സിയെ വിട്ടുകൊടുക്കാനും താൻ തയാറാവില്ല. ആയിരങ്ങൾക്ക് അത്താണിയും ആശ്വാസവുമായ ഈ സംഘടന ഇത്തരം വിഴുപ്പലക്കുകൾക്ക് വിട്ടുകൊടുക്കാനുള്ളതല്ലെന്നും അതുകൊണ്ട് തന്നെ തന്റെ രാജി ഒരു വിഭാഗീയ പ്രശ്നമാക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.