ഇറാൻ-ഇസ്രായേൽ സംഘർഷം: ഇറാനിയൻ തീർഥാടകർക്ക്​ സുരക്ഷയും സൗകര്യങ്ങളുമൊരുക്കാൻ സൽമാൻ രാജാവിന്റെ നിർദേശം

ജിദ്ദ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന്​ യാത്രാപ്രതിസന്ധി നേരിടുന്ന മക്കയിലുള്ള ഇറാനിയൻ ഹജ്ജ് തീർഥാടകർക്ക്​ സുരക്ഷിതമായി സ്വദേശത്തേക്ക്​ മടങ്ങാൻ മാർഗമൊരുങ്ങുന്നത് വരെ അവർക്ക്​ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറ നിർദേശം. നാട്ടിലേക്ക് സമാധാനത്തോടെ മടങ്ങിപ്പോകാനുള്ള സാഹചര്യം അനുകൂലമാകുന്നത് വരെ താമസം, ഭക്ഷണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ നിറവേറ്റാനും സുരക്ഷ ഉറപ്പുവരുത്താനുമാണ്​ ഹജ്ജ്-ഉംറ മന്ത്രാലയത്തോട്​ സൽമാൻ രാജാവ് നിർദേശം നൽകിയത്.

ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മറ്റ്​ വകുപ്പുകളോടും രാജാവ് ആവശ്യപ്പെട്ടിട്ടുണ്ട്​. വെള്ളിയാഴ്ച പുലർച്ചെയാണ് ഇസ്രായേൽ ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക്​ നേരെ ആക്രമണം നടത്തുകയും ആണവ ശാസ്ത്രജ്ഞരെയും സൈനിക മേധാവികളെയും വധിക്കുകയും ചെയ്തത്. തുടർന്ന്​ ഇറാൻ തിരിച്ചടിച്ചു. സംഘർഷം മൂർഛിച്ച സാഹചര്യത്തിൽ തെഹ്‌റാൻ വ്യോമാതിർത്തി അടച്ചതായി പ്രഖ്യാപിച്ചു. ഇതോടെ ഹജ്ജ്​ കഴിഞ്ഞ്​ മടങ്ങാൻ നിന്ന തീർഥാടകരുടെ യാത്ര തടസ്സപ്പെട്ടു.

രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന തീർഥാടകരെ സഹായിക്കാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഒരു പദ്ധതി ആവിഷ്​കരിക്കുകയും അത്​ സൽമാൻ രാജാവിന്​ മുന്നിൽ സമർപ്പിക്കുകയും ചെയ്യുകയായിരുന്നു.

85,450 തീര്‍ഥാടകരാണ് ഈ വർഷത്തെ ഹജ്ജിന്​ ഇറാനില്‍ നിന്നെത്തിയത്. 20 വിമാനങ്ങളിലാണ്​ ഇവർ വന്നത്​. എല്ലാ വർഷവും ഇറാനികൾ ഹജ്ജിൽ പങ്കെടുക്കാറുണ്ട്. ഇത്തവണ ഹജ്ജ്​ കഴിഞ്ഞ് മടക്കയാത്രക്കുള്ള​ സ്വാഭാവിക നടപടികൾ പൂർത്തിയായി വരുന്നതിനിടെയാണ്​ മേഖലയിൽ സംഘർഷം ഉടലെടുത്തത്​. ഇറാനിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് തീർഥാടകർക്ക് സൗദിയിൽ തന്നെ ആവശ്യമായ കാലത്തോളം തുടരാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും. തീർഥാടകരുടെ കാര്യത്തിൽ ഭരണകൂടവുമായി പൂർണ ഏകോപനമുണ്ടെന്നും സുഗമമായ യാത്രാസംവിധാനം തയ്യാറാകുന്നത് വരെ ഇവിടെ തന്നെ തുടരേണ്ടി വരുമെന്ന് കരുതുന്നതായും സൗദിയിലെ ഇറാൻ അംബാസഡർ അലി റെസ ഇനായത്തി പറഞ്ഞു.

Tags:    
News Summary - Saudi King Salman orders full support for Iranian Haj pilgrims as regional crisis unfolds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.