റിയാദ്: കുവൈത്ത് അതിർത്തിയിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ വിയോഗത്തിൽ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് അനുശോചനം രേഖപ്പെടുത്തി. ഞായറാഴ്ച കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അൽ സബാഹിനെ ഫോണിൽ വിളിച്ചാണ് അദ്ദേഹം തെൻറ ദുഃഖം അറിയിച്ചത്.
ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ബോർഡർ സെക്യൂരിറ്റി വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. മരിച്ചവരുടെ ആത്മാക്കൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു.
ഫോൺ സംഭാഷണത്തിനിടെ കുവൈത്തിന് സൗദി അറേബ്യയുടെ പൂർണ പിന്തുണ മന്ത്രി വാഗ്ദാനം ചെയ്തു. കുവൈത്തിെൻറ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഏത് നീക്കത്തെയും നേരിടാൻ രാജ്യം ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്തിെൻറ സുരക്ഷ സൗദി അറേബ്യയുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ ഒരൊറ്റ സംവിധാനം പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളിലെയും ഭരണനേതൃത്വങ്ങളുടെ നിർദ്ദേശപ്രകാരം സഹോദരതുല്യമായ ബന്ധവും സംയുക്ത ഏകോപനവുമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.