ഇസ്രായേൽ–യു.എ.ഇ കൂടിക്കാഴ്ച: തങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തിട്ടില്ലെന്ന് സൗദി അറേബ്യ
റിയാദ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാനും അബൂദബിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ തങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തെന്ന റിപ്പോർട്ടുകൾ സൗദി അറേബ്യ തള്ളി.
തിങ്കളാഴ്ച ഇസ്രായേൽ മാധ്യമപ്രവർത്തകനാണ് ഇസ്രയേൽ പ്രധാനമന്ത്രിയും യു.എ.ഇ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ നടന്ന വിപുലമായ ചർച്ചയിൽ സൗദി പ്രതിനിധികൾ പങ്കെടുത്തതായി സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടത്. ഈ കൂടിക്കാഴ്ചയിൽ സുരക്ഷാ സഹകരണം, ഇറാൻ, ഹൂതികൾ, പ്രാദേശിക പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ, സൗദി പ്രതിനിധിയുടെ സാന്നിധ്യം സംബന്ധിച്ച പ്രചാരണങ്ങളിൽ യാതൊരു വസ്തുതയുമില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതായി അറബ് ന്യൂസ് റിപ്പോർട്ടിൽ പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പ്രതിനിധികളുമായി ബന്ധപ്പെട്ട് ഇത്തരം കൂടിക്കാഴ്ചകളൊന്നും നടന്നിട്ടില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.
കൂടിക്കാഴ്ചയിൽ ജോർഡൻ പ്രതിനിധി പങ്കെടുത്തെന്ന റിപ്പോർട്ട് ജോർഡൻ ഔദ്യോഗിക വൃത്തങ്ങളും നിഷേധിച്ചിട്ടുണ്ട്. ഇസ്രായേൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം റിപ്പോർട്ടുകൾ നെതന്യാഹുവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലുള്ളതാണെന്നാണ് ജോർഡൻ വ്യക്തമാക്കിയത്.
ഞായറാഴ്ച അബൂദബിയിലെത്തിയ നെതന്യാഹു ശൈഖ് മുഹമ്മദ് ബിൻ സായിദുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളും ചർച്ച ചെയ്തതായി യു.എ.ഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ സ്ഥിരീകരിച്ചിരുന്നു. അതേസമയം, കൂടിക്കാഴ്ച ഏകദേശം ആറുമണിക്കൂർ നീണ്ടെന്നും ഇറാനായിരുന്നു പ്രധാന ചർച്ചാവിഷയമെന്നും മൂന്ന് മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.