ജിദ്ദ: രാജ്യത്തിന്റെ ഈ വർഷത്തെ ബജറ്റ് തുടക്കത്തിൽ തന്നെ നല്ല ഫലം കാണിച്ചുതുടങ്ങിയെന്ന് ധനമന്ത്രാലയം പ്രഖ്യാപിച്ചു. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നുമാസത്തിലെ ബജറ്റിന്റെ ഫലമാണ് മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.
മൊത്തം വരുമാനം 2,77,959 ദശലക്ഷം റിയാലാണ്. 2021ലെ ഇതേ കാലത്തെ വരുമാനത്തേക്കാൾ 36 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. ആദ്യപാദ വരുമാനം 2,04,761 ദശലക്ഷം റിയാലായിരുന്നു. ഈ വർഷത്തെ എണ്ണേതര വരുമാനം 9,42,60 ദശലക്ഷം റിയാലാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കിനെ അപേക്ഷിച്ച് ഏഴ് ശതമാനം വർധന രേഖപ്പെടുത്തി.
സാമ്പത്തിക പ്രവർത്തനങ്ങളുടെ പുരോഗതിയുടെയും സാമ്പത്തിക വീണ്ടെടുക്കലിന്റെയും ഫലമായി കഴിഞ്ഞവർഷം ആദ്യപാദ എണ്ണേതര വരുമാനം 8,81,85 ദശലക്ഷം റിയാലായിരുന്നു. ഈ വർഷം അത് 1,83,699 ദശലക്ഷം റിയാലായി. മുൻവർഷത്തെ ഇതേ കാലയളവിലെ താരതമ്യപ്പെടുത്തുമ്പോൾ എണ്ണ വരുമാനത്തിൽ 58 ശതമാനം വർധനവുണ്ട്. കഴിഞ്ഞവർഷം എണ്ണ വരുമാനം 1,16,576 ദശലക്ഷം റിയാലായിരുന്നു. ആദ്യ പാദത്തിലെ മൊത്തം ചെലവ് 2,20,467 ദശലക്ഷം റിയാലാണെന്നും മുൻ വർഷത്തെ ഇതേ കാലയളവിലെ ചെലവ് 2,12,204 ദശലക്ഷം റിയാലായിരുന്നുവെന്നും നേരിയ വർധന ചെലവിലുണ്ടായതായും ധനമന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ആദ്യ മൂന്നുമാസത്തെ മിച്ചം ഏകദേശം 57,491 ദശലക്ഷം റിയാലാണ്. കഴിഞ്ഞവർഷം ഇത് കമ്മിയായിരുന്നു. ഈ വർഷം ആദ്യപാദം വരെയുള്ള മൊത്തം പൊതുകടം ഏകദേശം 9,58,642 ദശലക്ഷം റിയാൽ ആയിരുന്നുവെന്നും ധനമന്ത്രാലയം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.