റമദാൻ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

റമദാൻ ഭക്ഷ്യ സുരക്ഷ: വാണിജ്യ മന്ത്രാലയം രണ്ട് മാസത്തിനിടയിൽ 37,000 പരിശോധനകൾ നടത്തി

യാംബു: സൗദി അറേബ്യയിലെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനുമായി റമദാനിന് മുന്നോടിയായി വാണിജ്യ മന്ത്രാലയം രാജ്യവ്യാപകമായി 37,000-ത്തിലധികം പരിശോധനകൾ പൂർത്തിയാക്കി. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മന്ത്രാലയത്തി​ന്റെ നേതൃത്വത്തിൽ രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു. ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേക ടീമുകളുടെ നേതൃത്വത്തിലുള്ള ഈ നിരീക്ഷണം റമദാനിലും തുടരും.

വിവിധ റസ്​റ്റോറൻറുകൾ, പാചക നിർമാണ കേന്ദ്രങ്ങൾ, മാംസം-മത്സ്യ വിൽപന കേന്ദ്രങ്ങൾ, ഷോപ്പിങ്​ സെൻററുകൾ, മാർക്കറ്റുകൾ, റമദാൻ പ്രമാണിച്ച് തയാറാക്കിയ പ്രത്യേക ടെൻറുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പൊതുജനാരോഗ്യവും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുന്നതി​ന്റെ ഭാഗമായി മക്കയിലെയും മദീനയിലെയും റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, സെൻട്രൽ മാർക്കറ്റുകൾ, ഗ്യാസ് സ്റ്റേഷനുകൾ, ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പുണ്യമാസത്തിൽ ഇരു ഹറം നഗരങ്ങളിലെത്തുന്ന ആയിരക്കണക്കിന് തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉൽപന്നങ്ങളുടെ അമിതവില തടയുന്നതിനും ഗുണനിലവാരമുള്ള ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. റമദാൻ ഉൽപന്നങ്ങളുടെ തടസ്സമില്ലാത്ത വിതരണവും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കാൻ പുണ്യമാസം മുഴുവൻ മന്ത്രാലയത്തി​ന്റെ കർശന നടപടികൾ തുടരും.

Tags:    
News Summary - Ramadan food safety: Ministry of Commerce conducts 37,000 inspections in two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.