ഹിജ്റ എന്ന ചിത്രത്തിൽ നിന്നുള്ള രംഗങ്ങൾ
ദമ്മാം: സൗദി സിനിമ ലോകത്തിന്റെ വിഹായസിലേക്ക്. സ്ത്രീകളുടെ കഥ പറയുന്ന ‘ഹിജ്റ’ എന്ന സൗദി സിനിമ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി ഓസ്കാർ പരിഗണനയിലെത്തിയ സൗദി സിനിമ ‘സെ്കയിലി’ന്റെ നിർമാതാവും തിരക്കഥാകൃത്തും അഭിനേതാവുമായ ഷഹദ് അമീന്റെ രണ്ടാമത്തെ ഫീച്ചർ ഫിലിം ആണ് ‘ഹിജ്റ.’ ആഗസ്റ്റ് 27 മുതൽ സെപ്തംബർ ആറു വരെ നടക്കുന്ന 82-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സ്പോട്ട്ലൈറ്റ് മത്സര വിഭാഗത്തിലേക്കാണ് ഔദ്യോഗിക സൗദി എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ആദ്യ ചിത്രം ഓസ്കാർ പരിഗണനക്ക് പുറമെ 15 ലധികം അന്താരാഷ്ട്ര അവാർഡുകൾ നേടി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതുകൊണ്ട്തന്നെ രണ്ടാം ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടക്കുന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ഷഹദ് അമീൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദിയുടെ തെക്കുഭാഗത്ത് നിന്ന് മക്കയെ ലക്ഷ്യമാക്കി രണ്ട് പേരക്കുട്ടികളുമായി യാത്രചെയ്യുന്ന ഒരു മുത്തശ്ശിയാണ് പ്രധാന കഥാപാത്രം.
പേരക്കുട്ടികളിലൊരാളെ യാത്രക്കിടയിൽ കാണാതാവുകയും അവളെത്തേടി ലഭ്യമാകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ വടക്കുദിക്കിലേക്ക് യാത്ര ചെയ്യുകയും ചെയ്യുന്നു. ചിത്രത്തിലുടനീളം സൗദിയുടെ അതിമനോഹരമായ പ്രകൃതിയുടെ വൈവിധ്യം നിറയുന്നു. ഇത് കാഴ്ചയെ വിസ്മയിപ്പിക്കുന്നു. അൽഉല, തബൂക്ക്, നിയോം, ജിദ്ദ തുടങ്ങി ഒമ്പത് സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുന്നത്.
രണ്ടു തലമുറയിലെ സ്ത്രീകൾക്കിടയിലുള്ള കാഴ്ചപ്പാടുകളും അസ്ഥിത്ത്വബോധവും പ്രതീക്ഷകളും നിറന്ന കഥാഗതിയാണ് ഇതൾ വിരിയുന്നത്. താൻ ഇതുവരെ അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമകളിൽ ഒന്നാണ് ‘ഹിജ്റ’ എന്ന് അഭിനേതാവ് കൂടിയായ ഷഹദ് അമീൻ പറഞ്ഞു. മാനുഷികവും ചരിത്രപരവുമായ ഒരു പശ്ചാത്തലത്തിലൂടെ സൗദി സ്ത്രീകളെ ലോകത്തിന് കാണിച്ചുകൊടുക്കുന്ന സിനിമയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
ലബ്ധ പ്രതിഷ്ഠരായ സൗദി അഭിനേതാക്കളായ ബരാ ആലം, ഖൈരിയ നാഥ്മി, നവാഫ് അൽ ദഫിരി, പുതുമുഖം ലാമർ ഫദാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഫലിം ക്ലിനിക് കമ്പനി വിതരണത്തിനെത്തിക്കുന്ന ഈ ചിത്രം ലോകമെമ്പാടും പ്രദർശിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് പിന്നണി പ്രവർത്തകർ. ഹെർവ് ഡി ലൂസ് (എഡിറ്റർ), ലിറ്റിൻ മെൻസ് (ഛായാഗ്രാഹകൻ), അർമാൻഡ് അമർ (സംഗീത സംവിധായകൻ) എന്നിവരുൾപ്പടെ പ്രമുഖരടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര സംഘമാണ് ഹിജ്റയുടെ അണിയറയിൽ പ്രവർത്തിക്കുന്നത്.
സൗദി പ്രതിഭകളായ മെസ്ന അൽഹാർബി, തൗഫിക് ഗ്രെയ്ച്ച് എന്നിവരും ഇതിൽ ഉൾപ്പെടുന്നു. സൗദി സിനിമ മേഖലയിലെ വലിയ വളർച്ചയെ അടയാളപ്പെടുത്തുന്ന സിനിമയാണ് ഹിജ്റ. കുറഞ്ഞ സമയംകൊണ്ട് അന്താരാഷ്ട്ര വേദികളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന സിനിമകളുണ്ടാക്കാൻ സൗദി പ്രതിഭകൾക്ക് കഴിയുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. ലോകോത്തര നിലവാരത്തിലാണ് ഹിജ്റ രൂപപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.