സൗദി ഡാക്കർ റാലിയുടെ ഡ്രോൺ കാഴ്ചകൾ
യാംബു: ലോകത്തെ ഏറ്റവും കടുപ്പമേറിയ ഓഫ്-റോഡ് മോട്ടോർ സ്പോർട്സ് മാമാങ്കമായ ‘സൗദി ഡാക്കർ റാലി 2026’ സൗദി മരുഭൂമികളെ ഇളക്കിമറിച്ചു മുന്നേറുന്നു. ജനുവരി മൂന്നിന് ചെങ്കടൽ തീരനഗരമായ യാംബുവിൽനിന്ന് ആരംഭിച്ച റാലി, അൽ ഉലയിലെ പൗരാണിക വിസ്മയങ്ങൾ പിന്നിട്ട് ഇപ്പോൾ ഹാഇലിന്റെ ദുർഘടമായ മണൽക്കാടുകളിൽ പ്രവേശിച്ചിരിക്കുകയാണ്.
മത്സരം അഞ്ച് ദിനങ്ങൾ പിന്നിടുമ്പോൾ, പ്രവചനാതീതമായ ഭൂപ്രകൃതിയും കടുത്ത വെല്ലുവിളികളുമാണ് റൈഡർമാരെ കാത്തിരിക്കുന്നത്. ജനുവരി 17-ന് യാംബുവിൽ തന്നെ സമാപിക്കുന്ന ഈ സാഹസിക യാത്രയിൽ 69 രാജ്യങ്ങളിൽനിന്നായി 39 വനിതകൾ ഉൾപ്പെടെ 812 മത്സരാർഥികളാണ് ട്രാക്കുകളിൽ പൊടിപാറിക്കുന്നത്. അൾട്ടിമേറ്റ് ബി ആൻഡ് അൾട്ടിമേറ്റ്, സ്റ്റോക്ക് ആൻഡ് ചലഞ്ചർ, സൈഡ് ബൈ സൈഡ്, ട്രക്കുകൾ, മോട്ടോർ സൈക്കിളുകൾ, ക്വാഡ് ബൈക്കുകൾ എന്നീ എട്ട് വ്യത്യസ്ത വിഭാഗങ്ങളിലുള്ള 400-ലധികം വാഹനങ്ങളുമായാണ് റൈഡർമാർ വേഗവും കരുത്തും പരീക്ഷിക്കാൻ ഇത്തവണ ട്രാക്കിലിറങ്ങിയിരിക്കുന്നത്. ചില താരങ്ങൾ പരിക്കുകൾ മൂലം പിന്മാറിയതൊഴിച്ചാൽ, ഭൂരിഭാഗം മത്സരാർഥികളും വാശിയേറിയ പോരാട്ടം തുടരുകയാണ്.
സൗദിയിലെ സ്വർണ മണൽക്കൂനകളും പാറക്കെട്ടുകൾ നിറഞ്ഞ പർവതനിരകളും റൈഡർമാർക്ക് കടുത്ത വെല്ലുവിളിയും അതേസമയം നയനമനോഹരമായ കാഴ്ചയുമാണ് സമ്മാനിക്കുന്നത്. യാംബുവിലെ തീരദേശ പാതകളിൽനിന്ന് തുടങ്ങി അൽഉലയിലെ വെല്ലുവിളി നിറഞ്ഞ ദുർഘടങ്ങൾ നിറഞ്ഞ ഇടങ്ങളിലൂടെ കടന്നുപോയ റാലി, സൗദിയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതി ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നു.
ഡ്രോൺ കാമറകൾ പകർത്തിയ അൽഉലയിലെയും ഹാഇലിലെയും ദൃശ്യങ്ങൾ ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് പ്രേക്ഷകരെയാണ് ആകർഷിക്കുന്നത്. അതിതീവ്രമായ ഏകാഗ്രതയും കൃത്യസമയത്തെ തീരുമാനങ്ങളുമാണ് ഓരോ ഘട്ടത്തിലും റൈഡർമാരുടെ വിജയം നിശ്ചയിക്കുന്നത്.
സൗദി അറേബ്യ തുടർച്ചയായി ഏഴാം തവണയാണ് ഡാക്കർ റാലിക്ക് ആതിഥ്യമരുളുന്നത്. കായികം, സാഹസികത, പ്രകൃതിഭംഗി എന്നിവയുടെ അപൂർവ സംഗമമായി മാറിയ ഈ റാലി അവസാനിക്കാൻ ഇനി ഒരു ആഴ്ചയിലധികം ബാക്കിയുണ്ട്. വരും ദിവസങ്ങളിൽ മരുഭൂമിയിലെ പോരാട്ടം കൂടുതൽ കടുക്കുമെന്ന പ്രതീക്ഷയിലാണ് റേസിങ് പ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.