ഫോട്ടോ: സുനിൽ ബാബു എടവണ്ണ
യാംബു: ലോകത്തിലെ ഏറ്റവും കഠിനമായ ഓഫ് റോഡ് മോട്ടോർ സ്പോർട്സ് മാമാങ്കമായ സൗദി ഡാക്കർ റാലി 2026-ന്റെ എട്ടാംഘട്ടത്തിൽ ദക്ഷിണാഫ്രിക്കൻ താരം സാവൂദ് വരിയാവക്ക് തകർപ്പൻ വിജയം. സൗദിയിലെ വാദി അൽ ദവാസിറിന് ചുറ്റുമുള്ള 483 കിലോമീറ്റർ ദൈർഘ്യമുള്ള കഠിനമായ മരുഭൂപാതയിലാണ് വരിയാവ ഒന്നാമതെത്തിയത്. ഡാക്കർ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഘട്ട വിജയി എന്ന ബഹുമതിയും ഇതോടെ വരിയാവ സ്വന്തമാക്കി.
കാർ വിഭാഗത്തിൽ ഖത്തർ താരം നാസർ അൽ അത്തിയ തന്റെ ആധിപത്യം തുടരുന്നുണ്ടെങ്കിലും കിരീടപ്പോരാട്ടം കനക്കുകയാണ്. എട്ടാംഘട്ടത്തിൽ അഞ്ചാം സ്ഥാനത്താണ് അൽ അത്തിയ ഫിനിഷ് ചെയ്തത്. ഇതോടെ അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള ലീഡ് നാല് മിനിറ്റായി കുറഞ്ഞു. ഹെങ്ക് ലേറ്റഗൻ മൊത്തത്തിലുള്ള പട്ടികയിൽ മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു.
ഫോർഡിന് വേണ്ടി മത്സരിച്ച മാറ്റിയാസ് എക്‌സ്‌ട്രോം എട്ടാംഘട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. നാനി റോമ നാലാമതായും കാർലോസ് സൈൻസ് അഞ്ചാമതായും ഫിനിഷ് ചെയ്തു. ഒമ്പത് തവണ ലോക ചാമ്പ്യനായ സെബാസ്റ്റ്യൻ ലോബ് (ഡാസിയ) ആറാംസ്ഥാനത്താണ്. നിലവിലെ ചാമ്പ്യനും സൗദി താരവുമായ യാസീദ് അൽ രാജ്ഹി കഴിഞ്ഞയാഴ്ച മത്സരത്തിൽനിന്ന് പിന്മാറിയിരുന്നു.
ബൈക്ക് വിഭാഗത്തിൽ അർജൻറീനയുടെ ലൂസിയാനോ ബെനാവിഡെസ് മിന്നും ഫോമിലാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെയുള്ള തന്റെ മൂന്നാംഘട്ട വിജയം സ്വന്തമാക്കിയ അദ്ദേഹം, ഓസ്‌ട്രേലിയൻ താരം ഡാനിയേൽ സാൻഡേഴ്‌സിനെ പിന്നിലാക്കി കരിയറിൽ ആദ്യമായി ഡാക്കർ റാലിയുടെ മൊത്തത്തിലുള്ള ലീഡിലേക്ക് ഉയർന്നു. അമേരിക്കൻ താരം റിക്കി ബ്രാബെക് ആണ് നിലവിൽ മൂന്നാംസ്ഥാനത്തുള്ളത്.
1978-ൽ പാരിസിൽ ആരംഭിച്ച് പിന്നീട് ദക്ഷിണ അമേരിക്കയിലൂടെ കടന്ന് 2020 മുതൽ സൗദിയിൽ വേരുറപ്പിച്ച ഡാക്കർ റാലി, ഈ ശനിയാഴ്ച ചെങ്കടൽ തീര നഗരമായ യാംബുവിൽ സമാപിക്കും. സൗദി പോർട്‌സ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഏഴാമത് റാലിയാണിത്. സൗദി അറേബ്യയുടെ മനോഹരമായ മണൽക്കൂനകളും പാറക്കെട്ടുകൾ നിറഞ്ഞ പർവതനിരകളും പശ്ചാത്തലമൊരുക്കുന്ന റാലിയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ആഗോളതലത്തിൽ തരംഗമായി മാറിയിട്ടുണ്ട്.
മത്സരാർഥികൾ: 69 രാജ്യങ്ങളിൽ നിന്നായി 812 പേർ (39 വനിതകൾ ഉൾപ്പെടെ).
വാഹനങ്ങൾ: വിവിധ വിഭാഗങ്ങളിലായി 433 വാഹനങ്ങൾ.
ദൂരം: 4840 കി.മീ സ്പെഷൽ സ്റ്റേജുകൾ ഉൾപ്പെടെ ആകെ 7994 കിലോമീറ്റർ
ഫോട്ടോ: സൗദിയിൽ നടക്കുന്ന ഡാക്കർ റാലി മത്സരത്തിൽനിന്നുള്ള കാഴ്ചകൾ ഫോട്ടോ: സുനിൽ ബാബു എടവണ്ണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.