ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ യുക്രെയ്ൻ പ്രസിഡൻറ് വോളോദിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. ജിദ്ദയിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വിവിധ മേഖലകളിൽ നിലനിൽക്കുന്ന സഹകരണം കൂടുതൽ വിപുലപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ പുതിയ സാഹചര്യങ്ങളും മധ്യപൂർവേഷ്യയിലെ നിലവിലെ അസ്ഥിരതയും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളായി.
പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിൽ ഇരുരാജ്യങ്ങളുടെയും നിലപാടുകളും സമാധാന ശ്രമങ്ങളും ചർച്ചയിൽ അവലോകനം ചെയ്തു.
സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽ ഐബാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യുക്രേനിയൻ ഭാഗത്തുനിന്നും ദേശീയ സുരക്ഷാ-പ്രതിരോധ കൗൺസിൽ സെക്രട്ടറി റസ്തം ഉമറോവ്, വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ, സായുധ സേനയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനൻറ് ജനറൽ ആൻഡ്രി ഹനാറ്റോവ് എന്നിവരും കൂടിക്കാഴ്ചയുടെ ഭാഗമായി. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ സൗദി അറേബ്യ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ സെലെൻസ്‌കി ചർച്ചയിൽ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.