കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗം
റിയാദ്: ഫലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുമായി സൗദിയുടെയും ഫ്രാൻസിെൻറയും സംയുക്ത അധ്യക്ഷതയിൽ നടന്ന ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഗുണഫലങ്ങളെ സൗദി മന്ത്രിസഭ പ്രശംസിച്ചു. നിയോമിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന ഈ സമ്മേളനം ലോകത്തിെൻറ ശ്രദ്ധ ഫലസ്തീൻ പ്രശ്നപരിഹാരത്തിലേക്ക് എത്തിക്കാൻ സഹായിച്ചു എന്ന് വിലയിരുത്തി.
അന്താരാഷ്ട്ര നിയമസാധുത ഉൾക്കൊള്ളുന്നതും സമാധാനത്തെ പിന്തുണക്കുന്നതുമായ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഉദ്ദേശ്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി രാജ്യങ്ങൾ തുടർച്ചയായി നടത്തിയ ചരിത്രപരമായ പ്രഖ്യാപനങ്ങളും മന്ത്രിസഭ എടുത്തുകാട്ടി. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനും മേഖലയുടെയും അവിടത്തെ ജനങ്ങളുടെയും ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള സമഗ്രവും പ്രായോഗികവുമായ ഒരു ചട്ടക്കൂട് ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര സമ്മേളനം അംഗീകരിച്ച അന്തിമ രേഖയെ പിന്തുണക്കണമെന്ന് മന്ത്രിസഭ എല്ലാ യു.എൻ അംഗരാജ്യങ്ങളോടും ആഹ്വാനം ചെയ്തു. ഫലസ്തീനും അവിടത്തെ ജനങ്ങൾക്കും സമഗ്രമായ പിന്തുണ നൽകുന്നതിന് സൗദി നടത്തുന്ന പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു.
പ്രത്യേകിച്ച് വ്യോമ, കടൽ മാർഗങ്ങളിലൂടെ ഗസ്സ മുനമ്പിലേക്ക് പാർപ്പിട സാമഗ്രികൾ, മെഡിക്കൽ, ഭക്ഷ്യവസ്തുക്കൾ എന്നിവയടങ്ങുന്ന സഹായമാണ് സൗദി അറേബ്യ നിരന്തരം എത്തിക്കുന്നത്. അൽഅഖ്സ പള്ളിക്കെതിരെ ഇസ്രായേൽ അധിനിവേശ സർക്കാർ ഉദ്യോഗസ്ഥർ ആവർത്തിച്ച് നടത്തുന്ന പ്രകോപനപരമായ നടപടികളെ മന്ത്രിസഭ ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപറത്തുന്ന ഈ നടപടികൾ നിർത്താൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനോട് ആവശ്യപ്പെടണം. ഈ വർഷം രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയ സൗദി ജി.ഡി.പിയിലെ 3.9 ശതമാനം വളർച്ച ഉൾപ്പെടെ രാജ്യത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സൂചകങ്ങളും സ്ഥിതിവിവരക്കണക്കുകളും മന്ത്രിസഭ അവലോകനം ചെയ്തു.
എണ്ണയിതര പ്രവർത്തനങ്ങളുടെ തുടർച്ചയായ വികാസത്തിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും പുറമെ പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ ശക്തിയും ആഗോള സാമ്പത്തിക വെല്ലുവിളികളെ നേരിടാനുള്ള സൗദിയുടെ കഴിവും ഊന്നിപ്പറഞ്ഞ അന്താരാഷ്ട്ര നാണയ നിധി കൺസൽട്ടേഷൻ റിപ്പോർട്ടിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. രാജ്യത്തിെൻറ സമഗ്ര വികസന നീക്കത്തിെൻറ ഭാഗമായി കിഴക്കൻ പ്രവിശ്യയിൽ പുതിയ വ്യാവസായിക പദ്ധതികൾ ആരംഭിച്ചതിനെ മന്ത്രിസഭ പ്രശംസിച്ചു. മിഡിൽ ഈസ്റ്റിലെ 20 ലക്ഷം ആളുകളുടെ ഏറ്റവും വലിയ ആരോഗ്യ നഗരങ്ങളായി ജിദ്ദയെയും മദീനയെയും ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്തത് ഉൾപ്പെടെയുള്ള ആരോഗ്യ നഗര പരിപാടിയുടെ നേട്ടങ്ങളെയും മന്ത്രിസഭ പ്രശംസിച്ചു.
ഇതോടെ രാജ്യത്തെ ആരോഗ്യ നഗരങ്ങളുടെ എണ്ണം 16 ആയി ഉയർന്നു. പ്രതിരോധ ആരോഗ്യം, ജീവിത നിലവാരം, ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള സംയോജനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങൾക്ക് രണ്ട് സെമസ്റ്ററുകൾ അനുവദിച്ച് സൗദി മന്ത്രിസഭ അംഗീകാരം നൽകി. അടിസ്ഥാന സൗകര്യ വികസനം, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തൽ, സാംസ്കാരിക, വിനോദ, കായിക മേഖലകൾ വികസിപ്പിക്കൽ എന്നിവയെ പിന്തുണക്കുന്ന നിരവധി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ‘വിഷൻ 2030’െൻറ പരിപാടികളിലൊന്നായ ജീവിത നിലവാര പരിപാടിയുടെ സംഭാവന മന്ത്രിസഭ ചൂണ്ടിക്കാട്ടി.
സൗദിയിലെ അഞ്ചു ലക്ഷം ഹെക്ടറിലധികം ഭൂമിയുടെ പുനരുദ്ധാരണവും സസ്യസംരക്ഷണം വിപുലവും ശക്തവുമാക്കുന്നതിനും മരുഭൂമീകരണത്തെ ചെറുക്കുന്നതിനും ലക്ഷ്യമിട്ടുള്ള ‘സൗദി ഗ്രീൻ ഇനീഷ്യേറ്റിവി’െൻറ ഭാഗമായി 15.1 കോടി മരങ്ങൾ നട്ടുപിടിപ്പിച്ചതും ഉൾപ്പെടെ പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെയും പദ്ധതികളെയും സൗദി മന്ത്രിസഭ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.