യാംബു: സൗദിയുടെ വ്യവസായിക മേഖലയിൽ ഈ വർഷം വളർച്ച രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗസ്റ്റാറ്റ്) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. ഖനനം, ഉൽപാദനം, യൂട്ടിലിറ്റികൾ എന്നിവയിലുടനീളം നല്ല വളർച്ച ഉണ്ടായതായി അതോറിറ്റി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സൗദി അറേബ്യയുടെ വ്യവസായിക ഉൽപാദനം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9.3 ശതമാനം വർധിച്ചു.
ഖനന, ക്വാറി പ്രവർത്തനങ്ങൾ 11 ശതമാനം വർധിച്ചപ്പോൾ ഉൽപാദനം 6.3 ശതമാനം വളർച്ചയാണ് നേടിയത്. വൈദ്യുതി, ഗ്യാസ്, നീരാവി, എയർ കണ്ടീഷനിങ് മേഖലയിലെ വിതരണത്തിലെ ഉൽപാദനം 12.6 ശതമാനം വർധിച്ചു. ജലവിതരണം, മാലിന്യ സംസ്കരണം എന്നീ മേഖലയിലെ ഉൽപാദനം വർഷം തോറും ഒമ്പത് ശതമാനത്തിലേറെ വർധനവാണ് രേഖപ്പെടുത്തിയതെന്നും പ്രതിമാസ വ്യവസായിക ഉൽപാദന അവലോകന റിപ്പോർട്ടിൽ വെളിപ്പെടുത്തി.
സൗദിയുടെ സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടിക്കൊണ്ട് 2024 സെപ്റ്റംബറിനെ അപേക്ഷിച്ച് എണ്ണ മേഖല 10.1 ശതമാനം വളർച്ച രേഖപ്പെടുത്തി. അതേസമയം എണ്ണയിതര വ്യവസായ മേഖല 7.3 ശതമാനം വളർച്ച നേടി. എണ്ണയിതര സാമ്പത്തിക ചാലകങ്ങളെ ശക്തിപ്പെടുത്തുന്നതിനും വ്യവസായിക ശേഷി വികസിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ വളർച്ചയുടെ കണക്കുകൾ അടിവരയിടുന്നു. വിവിധ മേഖലയിൽ രാജ്യത്തിന്റെ വൈവിധ്യവത്കരണ ശ്രമങ്ങൾ ഏറെ ഫലം കാണുന്നതിന്റെ പ്രകടമായ സൂചനയായാണ് വ്യവസായിക മേഖലയിലെ വളർച്ച വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.