ഗസ്സയിലേക്കുള്ള സഹായവുമായി സൗദിയുടെ 72-ാമത് വിമാനം ഈജിപ്തിലെത്തിയപ്പോൾ
ജിദ്ദ: ഗസ്സ മുനമ്പിൽ വെടിനിർത്തൽ കരാർ ഒപ്പുവെച്ചതിന് പിന്നാലെ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ആശ്വാസമായി സൗദി അറേബ്യയുടെ 72-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അൽ അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പ്രതിരോധ മന്ത്രാലയത്തിന്റെയും കെയ്‌റോയിലെ സൗദി എംബസിയുടെയും ഏകോപനത്തോടെ കിങ് സൽമാൻ ദുരിതാശ്വാസ, മാനുഷിക സഹായ കേന്ദ്രമാണ് (കെ.എസ് റിലീഫ്) വിമാനം സജ്ജമാക്കിയത്.
ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകൾ, താമസിക്കാനുള്ള സാമഗ്രികൾ, ഇലക്ട്രിക് വീൽചെയറുകൾ തുടങ്ങിയവയാണ് 72-ാമത് വിമാനത്തിൽ എത്തിച്ചിരിക്കുന്നത്. ഇവ ഉടൻതന്നെ ഗസ്സ മുനമ്പിലെ ദുരിതബാധിതരായ ഫലസ്തീൻ ജനതക്ക് കൈമാറും. ഇതുമായി ബന്ധപ്പെട്ട് ഗസ്സ മുനമ്പിന്റെ മധ്യഭാഗത്തുള്ള കിഴക്കൻ ദീർ അൽബലഹ് മേഖലയിൽ കിങ് സൽമാൻ കേന്ദ്രം പുതിയൊരു ബാച്ച് ഭക്ഷ്യസഹായം വിതരണം ചെയ്തു.
ഗസ്സയിലെ കേന്ദ്രത്തിന്റെ പങ്കാളിയായ സൗദി സെൻറർ ഫോർ കൾചർ ആൻഡ് ഹെറിറ്റേജാണ് വിതരണം ഏകോപിപ്പിച്ചത്. നിത്യോപയോഗത്തിനുള്ള അത്യാവശ്യ സാധനങ്ങളടങ്ങിയ നൂറുകണക്കിന് ഭക്ഷ്യകിറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. ഈ സഹായം ലഭിക്കേണ്ട കുടുംബങ്ങളെ കൃത്യമായി കണ്ടെത്തി സുതാര്യത ഉറപ്പാക്കി വിതരണം ചെയ്യുന്നതിനായി വിശദമായ ഒരു പദ്ധതി തയാറാക്കിയിട്ടുണ്ട്.
കിങ് സൽമാൻ ദുരിതാശ്വാസ കേന്ദ്രത്തിലൂടെ സൗദി അറേബ്യ വഹിക്കുന്ന മാനുഷികപരമായ പങ്കിന്റെ തുടർച്ചയാണ് ഈ സഹായമെന്ന് സൗദി സെൻറർ ഫോർ കൾചർ ആൻഡ് ഹെറിറ്റേജ് മേധാവി ഡോ. ഇസ്സാം അബു ഖലീൽ അറിയിച്ചു. കേന്ദ്രത്തിന്റെ ടീമുകൾ ഏറ്റവും ഉയർന്ന മാനുഷിക നിലവാരം അനുസരിച്ചാണ് സഹായം സ്വീകരിക്കൽ, വിതരണം, രേഖപ്പെടുത്തൽ എന്നീ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ 71 വിമാനങ്ങളും എട്ട് കപ്പലുകളും ഉൾപ്പെടുന്ന വ്യോമ, നാവിക പാലം കെ.എസ് റിലീഫ് സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ 7,600 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ, മരുന്ന്, പാർപ്പിട സാമഗ്രികൾ എന്നിവ എത്തിച്ചു. കൂടാതെ ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റിക്ക് 20 ആംബുലൻസുകളും കൈമാറി. മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര സംഘടനകളുമായി ഒമ്പത് കോടി ഡോളറിലധികം മൂല്യമുള്ള കരാറുകളിലും കേന്ദ്രം ഒപ്പുവെച്ചു.
അതിർത്തി കടന്നുള്ള വിതരണത്തിലെ തടസ്സങ്ങൾ മറികടക്കാൻ ജോർദാനുമായി ചേർന്ന് വ്യോമമാർഗമുള്ള സഹായ വിതരണവും നടപ്പാക്കിയിട്ടുണ്ട്. ഗസ്സയിലെ സഹോദരങ്ങളായ ഫലസ്തീൻ ജനതയുടെ കഠിനമായ ദുരിതം ലഘൂകരിക്കുന്നതിനുള്ള സൗദിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സഹായങ്ങളെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.