ത​ട​വു​കാ​രെ കൈ​മാ​റാ​ൻ യ​മ​ൻ സ​ർ​ക്കാ​ർ-​ഹൂ​തി ക​രാ​ർ ഒ​പ്പി​ട്ട ച​ട​ങ്ങി​ൽ സൗ​ദി പ്ര​തി​നി​ധി​ക​ൾ

തടവുകാരെ കൈമാറാൻ യമൻ സർക്കാർ-ഹൂതി കരാർ; സ്വാഗതം ചെയ്ത് സൗദി

റിയാദ്: യമനിലെ തടവുകാരെയും ബന്ദികളെയും കൈമാറുന്നതിനായി ഒപ്പുവെച്ച കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഒമാൻ തലസ്ഥാനമായ മസ്കത്തിൽവെച്ചാണ് യമൻ സർക്കാരും ഹൂതി ഗ്രൂപ്പും കരാർ ഒപ്പുവെച്ചത്. മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും പരസ്പര വിശ്വാസം വളർത്തിയെടുക്കുന്നതിനുള്ള അവസരമാണിതെന്ന് സൗദി അഭിപ്രായപ്പെട്ടു.

ഡിസംബർ ഒന്ന് മുതൽ 23 വരെ നടന്ന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലും സമവായ ശ്രമങ്ങളെ പിന്തുണക്കുന്നതിലും ഒമാൻ നടത്തിയ ആത്മാർഥമായ ഇടപെടലിനെയും ഉദാരമായ ശ്രമങ്ങളെയും അഭിനന്ദിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതന്റെ ഓഫിസ്, അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി, ഈ ചർച്ചകളിൽ ഉൾപ്പെട്ട മറ്റെല്ലാ കക്ഷികൾ തുടങ്ങിയവരുടെയും ശ്രമങ്ങളെയും സൗദി പ്രശംസിച്ചു.

യമൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന വിധത്തിൽ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ കൈവരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി പിന്തുണ ആവർത്തിച്ചു. ഇരുവശത്തുനിന്നുമുള്ള ചർച്ചാസംഘത്തിന്റെ ശ്രമങ്ങളെ യമനിലെ അംബാസഡർ മുഹമ്മദ് അൽ ജാബർ അഭിനന്ദിച്ചു. അവർ വിജയകരമായ ഒരു ധാരണയിലെത്തിയെന്നും ഈ കരാർ മാനുഷിക പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പിരിമുറുക്കങ്ങൾ കുറക്കുന്നതിനും യമനിൽ വിശ്വാസം വളർത്തിയെടുക്കുന്നതിനുമുള്ള ശ്രമങ്ങളെ ഇത് ശക്തിപ്പെടുത്തുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.

ഇരു ഭാഗത്തുനിന്നും രാജ്യത്തിന്റെ വിവിധ മേഖലകളിൽ കഴിയുന്ന 2,900 തടവുകാരെയും ബന്ധികളെയും മോചിപ്പിക്കണമെന്നുമാണ് കരാർ വ്യവസ്ഥ ചെയ്യുന്നതെന്ന് യമൻ സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. കരാർ പ്രകാരം ഹൂതി ഗ്രൂപ്പ് 1,200 തടവുകാരെയും സർക്കാർ 1,700 തടവുകാരെ വിട്ടയക്കും. ഒമാന്റെ മധ്യസ്ഥ ശ്രമങ്ങൾക്കും കൂടിയാലോചനകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനും മാനുഷിക ഫയലിൽ സൗദി അറേബ്യ വഹിച്ച നിർണായക പങ്കിനെ യമൻ സർക്കാർ പ്രശംസിച്ചു.

സംഘർഷവുമായി ബന്ധപ്പെട്ട തടവുകാരുടെ മോചനത്തിന് കരാറിലെത്തുന്നത് പോസിറ്റീവും പ്രധാനപ്പെട്ടതുമായ ഒരു ചുവടുവെപ്പാണെന്ന് യമനിലെ യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗ് പ്രസ്താവനയിൽ പറഞ്ഞു. യമനിലുടനീളം തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും ദുരിതം ഇത് ലഘൂകരിക്കും. കരാർ ഫലപ്രദമായി നടപ്പാക്കുന്നതിന് കക്ഷികളുടെ തുടർച്ചയായ ഇടപെടലും സഹകരണവും ഏകോപിത പ്രാദേശിക പിന്തുണയും സുസ്ഥിരമായ ശ്രമങ്ങളും ആവശ്യമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Saudi Arabia welcomes Yemeni government-Houthi prisoner exchange deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.