റിയാദ്: മേഖലയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തലിന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ ശ്രമത്തെയും പ്രഖ്യാപനത്തെയും സൗദി അറേബ്യ സ്വാഗതം ചെയ്തു. സ്ഥിതിഗതികൾ വഷളാക്കാതെ സമാധാനപരമായ ഒത്തുതീർപ്പിലേക്ക് എത്തിക്കാൻ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇനിയുള്ള കാലം സംഘർഷം ലഘൂകരിക്കുന്നതിനുള്ള പ്രതിബദ്ധത എല്ലാ കക്ഷികളിൽ നിന്നും ഉണ്ടാകുമെന്നും ബലപ്രയോഗമോ ഭീഷണിയോ ഒഴിവാക്കുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും തുടർച്ചയായ ആക്രമണ സാധ്യതകളിൽനിന്ന് മേഖലയെ മുക്തമാക്കുന്നതിനും വെടിനിർത്തൽ കരാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുകയും മേഖലയിലും ലോകത്തും സുരക്ഷ, സ്ഥിരത, സമൃദ്ധി, പുരോഗതി എന്നിവ ഏകീകരിക്കുകയും ചെയ്യുക എന്ന തത്വത്തെ അടിസ്ഥാനമാക്കി പ്രാദേശിക തർക്കങ്ങളും സംഘർഷങ്ങളും പരിഹരിക്കുന്നതിന് സംഭാഷണവും നയതന്ത്ര മാർഗങ്ങളും സ്വീകരിക്കുന്നതിനെ പിന്തുണക്കുന്നതിലുള്ള സൗദി അറേബ്യയുടെ ഉറച്ച നിലപാട് ആവർത്തിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് ഇസ്രായേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് പ്രഖ്യാപിച്ചത്. ‘വെടിനിർത്തൽ ഇപ്പോൾ പ്രാബല്യത്തിൽ ഉണ്ട്. ദയവായി അത് ലംഘിക്കരുത്’ എന്ന് തന്റെ സോഷ്യൽ മീഡിയ നെറ്റ്വർക്കായ ‘ട്രൂത്ത് സോഷ്യലി’ൽ ട്രംപ് എഴുതി. എന്നാൽ ഇസ്രായേലും ഇറാനും വെടിനിർത്തൽ കരാർ ലംഘിച്ചതായി പിന്നീട് റിപ്പോർട്ടുകളുണ്ടായി.
കരാര്‍ ലംഘിനത്തില് ഇരുകൂട്ടരോടും ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടികളില്‍ അമര്‍ഷം പ്രകടിപ്പിച്ച ട്രംപ്, ‘ബോംബുകള്‍ വര്‍ഷിക്കരുത്, പൈലറ്റുമാരെ തിരികെ വിളിക്കൂ’ എന്ന് ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു. കരാര്‍ പ്രഖ്യാപിച്ച ഉടനെ ഇസ്രായേല്‍ ആക്രമണം നടത്തിയെന്നും ഇത് ഞങ്ങള്‍ ആഗ്രഹിച്ചതല്ലെന്നും നാറ്റോ ഉച്ചകോടിക്കായി യൂറോപ്പിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. ഇറാനും ഇസ്രായേലും വളരെക്കാലമായി പോരാടുന്നു. എന്താണ് ചെയ്യുന്നതെന്ന് പോലും ഇരുകൂട്ടർക്കും അറിയില്ല -ട്രംപ് കൂറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.