റിയാദ്: അയൽ രാജ്യങ്ങളെ ആക്രമിച്ചതിന് പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ ക്ഷമാപണ പ്രസ്താവന പുറത്തുവരുന്നതിന് തൊട്ടുമുമ്പ് സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളെ ലക്ഷ്യംവെച്ച വൻ വ്യോമാക്രമണ ശ്രമങ്ങളെ പ്രതിരോധ മന്ത്രാലയം വിജയകരമായി ചെറുത്തു. ആകെ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും 23 ഡ്രോണുകളുമാണ് പ്രതിരോധ സേന വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
ശനിയാഴ്ച തന്നെ നടന്ന ഓപറേഷനുകളിൽ ഷെയ്ബ എണ്ണപ്പാടം ലക്ഷ്യമാക്കി റുബ്അൽ ഖാലി മേഖലയിലേക്കു വന്ന നാല് ഡ്രോണുകൾ തകർത്തു. ഇതിനുപുറമെ, അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമിട്ടെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും റിയാദ് നഗരത്തിന് കിഴക്ക് ഭാഗത്ത് ഒരു ഡ്രോണും തകർത്തതായി വക്താവ് വ്യക്തമാക്കി. മറ്റൊരു ഡ്രോൺ കൂടി റുബ്അൽ ഖാലിയിൽവെച്ച് വെടിവെച്ചിട്ടു.
റുബ്അൽ ഖാലി മേഖലയിൽവെച്ച് ഷെയ്ബ എണ്ണപ്പാടത്തിന് നേരെ വന്ന നാല് ഡ്രോണുകളും പിന്നീട് മറ്റൊരു ഘട്ടത്തിൽ ആറ് ഡ്രോണുകളും തകർത്തു. തുടർന്നുണ്ടായ നീക്കങ്ങളിൽ നാല് ഡ്രോണുകൾ കൂടി ഇതേ മേഖലയിൽവെച്ച് നിർവീര്യമാക്കി. അമീർ സുൽത്താൻ എയർബേസിന് നേരെ വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈൽ വിജയകരമായി തകർത്തു. റിയാദ് നഗരത്തിന് കിഴക്കുഭാഗത്ത് ഒരു ഡ്രോണും റുബ്അൽ ഖാലിയിൽ രണ്ട് ഡ്രോണുകളും പ്രതിരോധ സേന തകർത്തു.
കഴിഞ്ഞ ദിവസം റിയാദിന്റെ കിഴക്ക്, വടക്കുകിഴക്ക് ഭാഗങ്ങൾ, അൽ ഖർജ് ഗവർണറേറ്റിന്റെ കിഴക്കൻ പ്രദേശം, അമീർ സുൽത്താൻ എയർബേസ് എന്നിവിടങ്ങൾ ലക്ഷ്യമാക്കി തൊടുത്ത ആറ് ഡ്രോണുകളും അഞ്ച് ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകളും പ്രതിരോധ മന്ത്രാലയം തകർത്തതായും വക്താവ് കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സുരക്ഷക്കും തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്കും നേരെ നടന്ന ഈ ഭീകരാക്രമണ ശ്രമങ്ങളെല്ലാം സൗദി വ്യോമ പ്രതിരോധ സേന പരാജയപ്പെടുത്തിയതായി ഔദ്യോഗിക വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.