റിയാദ്: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകാരിക്കുമെന്ന കാനഡയുടെയും മാൾട്ടയുടെയും തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. സെപ്റ്റംബറിൽ അംഗീകാരം നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും മാൾട്ടയുടെ പ്രധാനമന്ത്രി റോബർട്ട് അബേലയും നടത്തിയ പ്രഖ്യാപനം ആഹ്ലാദകരമാണെന്ന് സൗദി അഭിപ്രായപ്പെട്ടു. ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള പാതയെ ഏകീകരിക്കുകയും ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ സമവായത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്ന ഈ അനുകൂല തീരുമാനങ്ങളെ സൗദി പ്രശംസിച്ചു. സമാധാനത്തെ പിന്തുണക്കുന്നതിനായി മറ്റ് രാജ്യങ്ങളോടും ഇത്തരം ഗൗരവമേറിയ നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വീണ്ടും ആഹ്വാനം ചെയ്തു. സെപ്റ്റംബറിൽ ഫലസ്തീനെ അംഗീകരിക്കാൻ തന്റെ രാജ്യം ഉദ്ദേശിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചതിന് ശേഷമാണ് പാശ്ചാത്യ രാജ്യങ്ങളുടെ തുടർച്ചയായ ഈ പ്രഖ്യാപനങ്ങൾ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.