റിയാദ്: സൗദി അറേബ്യയുടെ സമുദ്രസുരക്ഷയും പ്രതിരോധശേഷിയും കൂടുതൽ ശക്തമാക്കുന്നതിനുള്ള ‘സരാവത് പദ്ധതി’യുടെ രണ്ടാം ഘട്ടത്തിലെ ആദ്യ യുദ്ധക്കപ്പൽ നീറ്റിലിറക്കി. ‘ഹിസ് മജസ്റ്റി ഷിപ്പ് അൽ മദീന’ എന്ന് പേരിട്ടിരിക്കുന്ന കപ്പൽ സ്പെയിനിലെ സാൻ ഫെർണാണ്ടോയിലുള്ള നവാന്തിയ കപ്പൽശാലയിൽ നിർമാണവും അസംബ്ലിങ്ങും പൂർത്തിയാക്കിയ ശേഷമാണ് റോയൽ സൗദി നാവികസേന ഔദ്യോഗികമായി വെള്ളത്തിലിറക്കിയത്.
സ്പാനിഷ് കപ്പൽ നിർമാണ കമ്പനിയായ നവാന്തിയയുമായി 2024 ഡിസംബർ മധ്യത്തിലാണ് ഈ കപ്പലുകളുടെ നിർമാണത്തിനും വിതരണത്തിനുമായി പ്രതിരോധ മന്ത്രാലയം കരാറിൽ ഒപ്പുവെച്ചത്. മൂന്ന് മൾട്ടി-മിഷൻ യുദ്ധക്കപ്പലുകൾ നിർമിക്കുന്നതിനുള്ള ഈ കരാറിലെ മറ്റ് രണ്ട് കപ്പലുകൾ ‘ഹിസ് മജസ്റ്റി ഷിപ്പ് നിയോം’, ‘ഹിസ് മജസ്റ്റി ഷിപ്പ് അൽഉല’ എന്നിവയാണ്. ഇതിൽ ‘അവാേൻറാ 2200’ കോർവെറ്റ് ക്ലാസിൽപ്പെട്ട മൂന്ന് കപ്പലുകളിൽ ആദ്യത്തേതാണ് ഇപ്പോൾ പുറത്തിറക്കിയ ‘എച്ച്.എം.എസ് അൽ മദീന’.
സ്പെയിനിൽ നടന്ന ചടങ്ങിൽ സൗദി നാവികസേനാ മേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഗരീബിയെ പ്രതിനിധീകരിച്ച് നാവികസേനാ ഡയറക്ടർ റിയർ അഡ്മിറൽ സ്വാലിഹ് അൽഖത്താമി, സ്പാനിഷ് കമ്പനിയായ നവാൻറിയയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ റിക്കാർഡോ ഡൊമിങ്സ് എന്നിവർ പങ്കെടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകുന്നതിന് മുന്നോടിയായി, വിവിധ യുദ്ധസംവിധാനങ്ങളുടെ ഇൻസ്റ്റാളേഷനും സംയോജനവും ഉൾപ്പെടുന്ന അടുത്ത ഘട്ടത്തിലേക്ക് ‘എച്ച്.എം.എസ് അൽ മദീന’ പ്രവേശിക്കും. ഇതിനുശേഷം തുറമുഖത്തും ആഴക്കടലിലും വിപുലമായ പരീക്ഷണങ്ങളും സ്വീകാര്യത പരിശോധനകളും പൂർത്തിയാക്കിയ ശേഷമായിരിക്കും കപ്പൽ നാവികസേനയ്ക്ക് കൈമാറുക.
നേരത്തെ, സരാവത് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ അഞ്ച് യുദ്ധക്കപ്പലുകൾ നിർമിച്ച് റോയൽ സൗദി നാവികസേനയ്ക്ക് നവാൻറിയ വിജയകരമായി കൈമാറിയിരുന്നു. ഈ ആദ്യ ഘട്ടത്തിെൻറ മികച്ച വിജയത്തെത്തുടർന്നാണ് രണ്ടാം ഘട്ട കരാറും സ്പാനിഷ് കമ്പനിക്ക് തന്നെ നൽകാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.
ആധുനിക കപ്പൽ നിർമാണ വ്യവസായവും സൈനിക നാവിക സാങ്കേതികവിദ്യയും സൗദി അറേബ്യയിലേക്ക് മാറ്റുകയും പ്രാദേശികവൽക്കരിക്കുകയുമാണ് സരാവത് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിെൻറ ഭാഗമായി വലിയൊരു വിഭാഗം സൗദി സാങ്കേതിക വിദഗ്ധർക്ക് കപ്പൽ നിർമാണത്തിെൻറ വിവിധ ഘട്ടങ്ങളിൽ വിദഗ്ധ പരിശീലനം നൽകി പങ്കാളികളാക്കുന്നുണ്ട്. പുതിയ യുദ്ധക്കപ്പലുകൾ കൂടി നാവികസേനയുടെ ഭാഗമാകുന്നതോടെ രാജ്യത്തിെൻറ സമുദ്ര പ്രതിരോധ നിര കൂടുതൽ ശക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.