റിയാദ്: സ്വകാര്യ ആരോഗ്യ മേഖലയിൽ നാല് തൊഴിലുകളിലെ സൗദിവത്കരണ നിരക്ക് ഉയർത്താനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ മാനവ വിഭവശേഷി മന്ത്രാലയം തുടങ്ങി. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണിത്.
തൊഴിൽ വിപണിയിലെ ദേശീയ പ്രതിഭകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള പുരുഷ-സ്ത്രീ പൗരന്മാർക്ക് ഉത്തേജകവും ഉൽപ്പാദനപരവുമായ തൊഴിലവസരങ്ങൾ നൽകുന്നതിനുമുള്ള രണ്ട് മന്ത്രാലയങ്ങളുടെയും ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. തൊഴിൽ വിപണി തന്ത്രത്തിന്റെയും ആരോഗ്യ മേഖല പരിവർത്തന പരിപാടിയുടെയും ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിന്റെയും ഭാഗവുമാണ്.
ന്യൂട്രീഷൻ തെറാപ്പി, ഫിസിയോതെറാപ്പി ജോലികളിൽ 80 ശതമാനം, മെഡിക്കൽ ലബോറട്ടറികൾ 70 ശതമാനം, റേഡിയോളജി 65 ശതമാനം എന്നിങ്ങനെ സ്വദേശികവൽക്കരിക്കാനാണ് തീരുമാനം ലക്ഷ്യമിടുന്നത്. സ്പെഷ്യലിസ്റ്റുകൾക്ക് ഏറ്റവും കുറഞ്ഞ വേതനം 7000 റിയാലായും ടെക്നീഷ്യൻമാർക്ക് 5000 റിയാലായും നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമാകും.
തീരുമാനത്തിന്റെയും സ്വദേശിവൽക്കരണ നിരക്കുകളുടെയും വിശദാംശങ്ങൾ വ്യക്തമാക്കുന്നതിനായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അതിന്റെ വെബ്സൈറ്റിൽ നടപടിക്രമ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. നിയമലംഘകർക്ക് ചുമത്തുന്ന നിയമപരമായ ശിക്ഷകൾ ഒഴിവാക്കാൻ എല്ലാ സ്ഥാപനങ്ങളും അതിന്റെ വ്യവസ്ഥകൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിൽ വിപണി ആവശ്യങ്ങൾക്ക് അനുസൃതമായി തീരുമാനം നടപ്പിലാക്കുന്നത് ആരോഗ്യ മന്ത്രാലയം നിരീക്ഷിച്ചുവരികയണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.