റിയാദ്: മക്ക ഹറമിലെ ഇഫ്താറിന് വിതരണം ചെയ്യുന്ന ഭക്ഷണങ്ങളിൽ കലോറി കുറഞ്ഞ ഭക്ഷണവും ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ. റമദാനിൽ തീർഥാടകർക്ക് ഇഫ്താർ വിരുന്ന് നൽകാൻ ഉദ്ദേശിക്കുന്നവർക്ക് നിശ്ചയിച്ച മാനദണ്ഡങ്ങളിലും നിബന്ധനകളിലുമാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ ദിവസമാണ് അടുത്ത റമദാനിലെ ഇഫ്താറിനായി ചാരിറ്റബിൾ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും അപേക്ഷ സ്വീകരിക്കാൻ ഇരുഹറം പരിപാലന കാര്യാലയം ആരംഭിച്ചത്. ഇതിനായി പ്രത്യേക വെബ് പോർട്ടൽ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
വ്യക്തികൾക്ക് ഒരു സുപ്ര എന്ന നിലയിലും ചാരിറ്റബിൾ സംഘടനകൾക്ക് 10 സുപ്രകൾ എന്ന നിലയിലും സ്ഥലം തെരഞ്ഞെടുക്കാൻ അനുവാദം നൽകുന്നുണ്ട്. അതോടൊപ്പം അംഗീകൃത കാറ്ററിങ് കമ്പനിയുമായി ധാരണയിലെത്തണം. വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിക്കണം. വിട്ടുമാറാത്ത രോഗങ്ങളും പ്രമേഹവുമുള്ള ആളുകൾക്ക് കലോറി കുറഞ്ഞ ഭക്ഷണം നൽകേണ്ടതിന്റെ ആവശ്യകത കാര്യാലയം ഊന്നിപ്പറഞ്ഞിട്ടുണ്ട്.
വ്യക്തിഗത ഇഫ്താർ നൽകുന്നവർ 20 ശതമാനം നിരക്കിലും ചാരിറ്റബിൾ സംഘടനകൾ 30 ശതമാനം നിരക്കിലും കലോറി കുറഞ്ഞ ഭക്ഷണം നൽകണം. ‘നോമ്പുകാർക്കുള്ള സുപ്ര ബുക്കിങ്’ എന്ന സംവിധാനം തെരഞ്ഞെടുത്ത് അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. സേവനത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ അംഗീകൃത പാക്കേജിങ് ഉപയോഗിക്കേണ്ടതുണ്ടെന്നും ഇഫ്താറിന്ന് നിശ്ചയിച്ച നിബന്ധനകളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.