ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിൽ സൗദി അറേബ്യക്ക് തിളക്കമാർന്ന വിജയം; അഞ്ച് അന്താരാഷ്ട്ര അവാർഡുകൾ സ്വന്തമാക്കി

റിയാദ്: ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന 26ാമത് ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിൽ സൗദി അറേബ്യക്ക് വൻ വിജയം. മെയ് 17 മുതൽ 25 വരെ നടന്ന ആഗോള ഭൗതികശാസ്ത്ര മത്സരത്തിൽ സൗദി ഫിസിക്സ് ടീം അഞ്ച് അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കി രാജ്യത്തിന്റെ അഭിമാനം ഉയർത്തി. ലോകമെമ്പാടുമുള്ള 27 രാജ്യങ്ങളിൽ നിന്നായി 209 മിടുക്കരായ വിദ്യാർഥികളാണ് ഇത്തവണത്തെ ഒളിമ്പ്യാഡിൽ മാറ്റുരച്ചത്.

ഈ അത്യുജ്ജ്വല വിജയത്തോടെ, ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ സൗദി അറേബ്യ നേടുന്ന ആകെ അവാർഡുകളുടെ എണ്ണം 27 ആയി ഉയർന്നു. 2012ൽ മത്സരത്തിൽ ആദ്യമായി പങ്കെടുത്തതു മുതൽ ഇന്നുവരെയുള്ള കണക്കാണിത്. ഇതിൽ ആറ് വെങ്കല മെഡലുകളും, മികച്ച പ്രകടനത്തിനുള്ള 21 അഭിനന്ദന സർട്ടിഫിക്കറ്റുകളും ഉൾപ്പെടുന്നു.

സൗദി വിദ്യാഭ്യാസ മന്ത്രാലയവും, കിങ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കമ്പാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നെസ് ആൻഡ് ക്രിയേറ്റിവിറ്റിയും (മൗഹിബ) സംയുക്തമായി നടപ്പാക്കിയ തന്ത്രപരമായ പങ്കാളിത്തമാണ് വിദ്യാർഥികളെ ഈ നേട്ടത്തിന് പ്രാപ്തരാക്കിയത്. അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനായി വിദ്യാർഥികളെ സജ്ജമാക്കുക എന്നതായിരുന്നു ഇതിെൻറ ലക്ഷ്യം. ഇതിെൻറ ഭാഗമായി സൈദ്ധാന്തികവും പ്രായോഗികവുമായ നിരവധി പരിശീലന ഘട്ടങ്ങൾ, പ്രാദേശിക-അന്തർദേശീയ പരിശീലന ക്യാമ്പുകൾ, കഠിനമായ യോഗ്യതാ പരീക്ഷകൾ എന്നിവ വിദ്യാർഥികൾക്ക് നൽകിയിരുന്നു.

പബ്ലിക് സ്കൂളുകളിൽ പഠിക്കുന്ന ഭൗതികശാസ്ത്രത്തിലെ പ്രതിഭാധനരായ വിദ്യാർഥികൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന പ്രമുഖ അന്താരാഷ്ട്ര ശാസ്ത്ര മത്സരമാണ് ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡ്.

1999ൽ ഇന്തോനേഷ്യയിലാണ് ഇതിന് തുടക്കം കുറിച്ചത്. ആഗോളതലത്തിൽ മികച്ച ശാസ്ത്രീയ കഴിവുകളുള്ള കുട്ടികളെ കണ്ടെത്താനും, വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾ തമ്മിൽ അറിവുകൾ പങ്കുവെക്കാനുമുള്ള ഒരു പ്രധാന വേദിയായാണ് ഈ ഒളിമ്പ്യാഡ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Saudi Arabia scores a brilliant victory at the Asian Physics Olympiad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.