യമനി ജനതയെ ഉപരോധിക്കുന്നുവെന്ന ഹൂതി ആരോപണം തള്ളി സൗദി അറേബ്യ

റിയാദ്: യമൻ ജനതയെ ഉപരോധിക്കുന്നുവെന്ന ഹൂതി വക്താവി​െൻറ ആരോപണങ്ങൾ തള്ളി സൗദി അറേബ്യ. ഹൂതികൾ ഉന്നയിച്ച വ്യാജ ആരോപണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. യമന് മേൽ സമുദ്ര ഗതാഗത വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന വാദം പൂർണമായും നിഷേധിച്ച മന്ത്രാലയം, യമനിൽ സമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങളുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുമാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി.

യമനിൽ സമാധാനം കൈവരിക്കുന്നതിനായി ഐക്യരാഷ്​ട്രസഭ മുന്നോട്ടുവെച്ച ശ്രമങ്ങളെയും യമൻ സർക്കാർ അംഗീകരിച്ച റോഡ്‌മാപ്പിനെയും സൗദി എന്നും പിന്തുണച്ചിട്ടുണ്ട്. എന്നാൽ, സ്വന്തം അജണ്ടകൾ നടപ്പാക്കാനും മേഖലയിൽ സംഘർഷം വ്യാപിപ്പിക്കാനുമായി ഹൂതികൾ ഈ നിർദ്ദേശങ്ങളെല്ലാം നിരസിക്കുകയാണുണ്ടായത്. ഇത് ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ കഴിയുന്ന യമനി പൗരന്മാരുടെ ദുരിതം വർധിപ്പിക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി യമൻ സർക്കാരുമായി സഹകരിച്ച് അവിടുത്തെ ദുരിതങ്ങൾ കുറയ്ക്കാൻ ബഹുമുഖ പദ്ധതികളാണ് സൗദി നടപ്പാക്കുന്നത്. യമൻ സർക്കാരിന് നൽകുന്ന ബജറ്റ് പിന്തുണ, വൈദ്യുതി നിലയങ്ങൾക്കുള്ള ഇന്ധന വിതരണം, വികസന പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യമ​െൻറ സാമ്പത്തിക സ്ഥിരതയ്ക്കും വികസനത്തിനുമാണ് സൗദി എപ്പോഴും മുൻഗണന നൽകുന്നത്.

‘സൗദി പ്രോഗ്രാം ഫോർ ഡെവലപ്‌മെൻറ്​ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് യമൻ’ വഴി അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യമൻ ജനതയ്ക്ക് ആവശ്യമായ അടിയന്തര പിന്തുണ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

യമനുമായി ബന്ധപ്പെട്ട രക്ഷാസമിതിയുടെ 2216-ാം നമ്പർ പ്രമേയവും ചെങ്കടലിലെ കപ്പൽഗതാഗത സ്വാതന്ത്ര്യം സംബന്ധിച്ച 2722-ാം നമ്പർ പ്രമേയവും നടപ്പാക്കാൻ അന്താരാഷ്​ട്ര സമൂഹം തയ്യാറാകണമെന്ന് സൗദി ആവശ്യപ്പെട്ടു. 1982-ലെ ഐക്യരാഷ്​ട്രസഭയുടെ സമുദ്രനിയമ കരാറിനും അന്താരാഷ്​ട്ര നിയമങ്ങൾക്കും വിധേയമായി, തങ്ങളുടെ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. യമൻ ജനതക്കും അവിടുത്തെ ഔദ്യോഗിക സർക്കാരിനും നൽകിവരുന്ന പിന്തുണ സൗദി അറേബ്യ തുടർന്നും നൽകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - Saudi Arabia Rejects Houthi Allegation of Blockading Yemeni People

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.