യാംബു: ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ പുറത്തിറക്കിയ 2025ലെ ആഗോള ഡിജിറ്റൽ സന്നദ്ധതാ സൂചികയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 100-ൽ 94 പോയിൻറുകൾ നേടിയാണ് രാജ്യം ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം 90 പോയിൻറുമായി നാലാം സ്ഥാനത്തായിരുന്ന സൗദി, ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച മുന്നേറ്റം നടത്തിയാണ് ആഗോള റാങ്കിങ്ങിൽ ഒന്നാമതെത്തിയത്.
യൂറോപ്യൻ രാജ്യങ്ങളായ ഫിൻലാൻഡ്, ജർമനി എന്നിവയെ പിന്നിലാക്കിയാണ് സൗദിയുടെ ഈ കുതിപ്പ്. സൂചികയിൽ 93 പോയിൻറുകൾ വീതം നേടി ഫിൻലാൻഡും ജർമനിയും രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, യു.കെ (92), നോർവേ (91), ഫ്രാൻസ് (90) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നാലെയുള്ള സ്ഥാനങ്ങൾ നേടിയത്. ടെലികമ്യൂണിക്കേഷൻ നയങ്ങൾ, സാങ്കേതിക ചട്ടക്കൂടുകൾ, ഭരണസംവിധാനങ്ങൾ എന്നിങ്ങനെ ഒമ്പത് പ്രധാന മേഖലകളെ മുൻനിർത്തി 117 സൂചകങ്ങൾ വിലയിരുത്തിയാണ് ഡിജിറ്റൽ സന്നദ്ധത സൂചിക തയ്യാറാക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗവൺമെൻറ്, ബിസിനസ്, സാമൂഹിക മേഖലകളിൽ വരുത്തിയ ക്രിയാത്മകമായ മാറ്റങ്ങൾ സൗദിയുടെ നേട്ടത്തിന് കരുത്തേകി.
രാജ്യാന്തര നിലവാരമുള്ള വിദഗ്ധരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള കഴിവ്, ഡിജിറ്റൽ സാങ്കേതിക വൈദഗ്ധ്യം, ഭാവി വികസനത്തിനായുള്ള പദ്ധതികൾ എന്നിവയാണ് രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനമെന്ന് അധികൃതർ വ്യക്തമാക്കി. വിഷൻ 2030െൻറ ഭാഗമായി നടപ്പാക്കി വരുന്ന ഡിജിറ്റൽ പരിവർത്തന പദ്ധതികൾ ലോകശ്രദ്ധ നേടുന്നതിെൻറ തെളിവായി ഈ പുതിയ റാങ്കിങ് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.