സൽമാൻ രാജാവി​െൻറ ഉംറ അതിഥികൾ മദീനയിലെ ഖുർആൻ പ്രിൻറിങ് പ്രസ് സന്ദർശിച്ചു

മദീന: സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറ പ്രത്യേക ക്ഷണിതാക്കളായെത്തിയ ഉംറ തീർഥാടകരുടെ രണ്ടാമത്തെ സംഘം മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് പ്രസ് സന്ദർശിച്ചു. യൂറോപ്പ്, ഏഷ്യൻ ഭൂഖണ്ഡങ്ങളിലെ 23 രാജ്യങ്ങളിൽനിന്നുള്ള 250 തീർഥാടകരാണ് സംഘത്തിലുള്ളത്. മദീന തബൂക്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ഈ പ്രിൻറിങ് പ്രസ് ആഗോള മുസ്​ലീങ്ങൾക്കുള്ള സൗദി അറേബ്യയുടെ വിശിഷ്​ട സമ്മാനമായി നിലകൊള്ളുന്നു.

സൗദി ഇസ്​ലാമിക കാര്യ, ദഅ്‌വ, ഗൈഡൻസ് മന്ത്രാലയം നേരിട്ട് നടത്തുന്ന ഈ സ്ഥാപനം സന്ദർശിക്കാൻ മദീനയിലെത്തുന്ന ഭൂരിഭാഗം തീർഥാടകരും സമയം കണ്ടെത്താറുണ്ട്. ഖുർആൻ പ്രബോധനം, വൈവിധ്യമാർന്ന പാരായണങ്ങളുടെ റെക്കോർഡിങ്, ആശയ വിവർത്തനങ്ങളുടെയും അനുബന്ധ വിജ്ഞാനീയങ്ങളുടെയും പ്രസാധനം എന്നിവയിലൂടെ സേവനം ചെയ്യുന്ന ഈ കേന്ദ്രം സന്ദർശിക്കുന്നത് തീർഥാടകർക്ക് ഏറെ ഹൃദ്യമായ അനുഭവമായി മാറി.

 

സമുച്ചയത്തി​െൻറ വിവിധ ഭാഗങ്ങൾ സന്ദർശിച്ച സംഘം, ഖുർആൻ അച്ചടിയുടെ വിവിധ ഘട്ടങ്ങൾ, ആധുനിക അച്ചടി സംവിധാനങ്ങൾ, സൂക്ഷ്മമായ പരിശോധന, പ്രൂഫ് റീഡിങ് പ്രക്രിയകൾ എന്നിവ നേരിട്ട് മനസ്സിലാക്കി. ഖുർആൻ അച്ചടിയിലും സംരക്ഷണത്തിലും, ഇതി​െൻറ ആശയം 80-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് ലോകമെമ്പാടും വിതരണം ചെയ്യുന്നതിലും കേന്ദ്രം വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതിഥികൾക്ക് വിശദീകരിച്ചു നൽകി.

 

സന്ദർശനത്തിനൊടുവിൽ ഖുർആ​െൻറ പകർപ്പുകളും വിവിധ ഭാഷകളിലുള്ള വിവർത്തന ഗ്രന്ഥങ്ങളും അതിഥികൾക്ക് ഉപഹാരമായി നൽകി. ഖുർആ​െൻറ അച്ചടി, പ്രസിദ്ധീകരണം, അധ്യാപനം എന്നിവയിൽ സൗദി അറേബ്യ നൽകുന്ന നിസ്സീമമായ സേവനങ്ങൾക്ക് അതിഥികൾ നന്ദിയും പ്രശംസയും അറിയിച്ചു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സേവിക്കുന്നതിനായി കസ്​റ്റോഡിയൻ പ്രോഗ്രാം വിജയകരമായി നടപ്പാക്കുന്ന ഇസ്ലാമിക കാര്യ മന്ത്രാലയത്തി​െൻറ ശ്രമങ്ങളെയും, രാജ്യത്തി​െൻറ വൈവിധ്യമാർന്ന സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികളെയും ഉംറ സംഘം അഭിനന്ദിച്ചു.

Tags:    
News Summary - സൽമാൻ രാജാവി​െൻറ ഉംറ അതിഥികൾ മദീനയിലെ ഖുർആൻ പ്രിൻറിങ് പ്രസ് സന്ദർശിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.