മക്ക മസ്ജിദുൽ ഹറാമും നഗരക്കാഴ്ചയും
റിയാദ്: 2026-ലെ ആഗോള ടൂറിസ്റ്റ് സിറ്റികളുടെ ആകർഷകത്വ സൂചികയിൽ സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങൾ പ്രമുഖ സ്ഥാനം നേടി. മതപരവും സാംസ്കാരികവുമായ ടൂറിസം മുതൽ വിനോദം, ബിസിനസ്, സമുദ്ര ടൂറിസം എന്നിവ വരെ ഉൾപ്പെടുന്ന സൗദിയിലെ വിനോദസഞ്ചാര മേഖലയുടെ വൈവിധ്യമാർന്ന വളർച്ചയെയും ഭൂപടത്തെയുമാണ് ഈ ആഗോള അംഗീകാരം പ്രതിഫലിപ്പിക്കുന്നത്.
പട്ടികയിൽ ഉൾപ്പെട്ട സൗദി നഗരങ്ങളിൽ ലോകതലത്തിൽ 61-ാം സ്ഥാനത്തുള്ള വിശുദ്ധ നഗരമായ മക്കയാണ് രാജ്യത്ത് ഒന്നാമത് എത്തിയത്. തലസ്ഥാന നഗരിയായ റിയാദ് 90-ാം സ്ഥാനത്തും, മദീന 122-ാം സ്ഥാനത്തും, തുറമുഖ നഗരമായ ജിദ്ദ 139-ാം സ്ഥാനത്തും ഇടംനേടി.
സൗദി നഗരങ്ങളിൽ ഏറ്റവും മികച്ച മുന്നേറ്റം കാഴ്ചവെച്ച മക്ക, തലസ്ഥാനമായ റിയാദിനേക്കാൾ 29 സ്ഥാനങ്ങൾ മുന്നിലാണ്. ഹജ്ജ്, ഉംറ തീർഥാടനങ്ങളുടെ ലോകോത്തര ആത്മീയ പ്രാധാന്യത്തിന് പുറമേ, സന്ദർശകരുടെയും തീർഥാടകരുടെയും അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് നടപ്പാക്കിയ വികസന പദ്ധതികളും പുതിയ സേവനങ്ങളുമാണ് സംസ്കാരം, ചരിത്രം എന്നീ ഘടകങ്ങളിൽ മക്കയ്ക്ക് മുൻതൂക്കം നൽകിയത്.
അന്താരാഷ്ട്ര കായിക മത്സരങ്ങൾ, വൻകിട വിനോദ പരിപാടികൾ, വലിയ പ്രദർശനങ്ങൾ, സമ്മേളനങ്ങൾ എന്നിവയ്ക്ക് വേഗത്തിൽ വേദിയൊരുക്കുന്നതും ഹോസ്പിറ്റാലിറ്റി മേഖലയുടെ വിപുലീകരണവുമാണ് തലസ്ഥാനമായ റിയാദിെൻറ മുന്നേറ്റത്തിന് കാരണമായത്.
പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ സ്ഥലങ്ങൾ അത്യാധുനിക രീതിയിൽ വികസിപ്പിച്ചതും സന്ദർശകർക്കുള്ള സേവനങ്ങളുടെ ഉയർന്ന ഗുണനിലവാരവുമാണ് മദീനയ്ക്ക് ആഗോള പട്ടികയിൽ സ്ഥാനം ഉറപ്പാക്കിയത്. യുനെസ്കോയുടെ ആഗോള പൈതൃക പട്ടികയിലുള്ള ‘അൽ ബലദ്’ (ജിദ്ദ ഹിസ്റ്റോറിക്കൽ ഏരിയ), ചെങ്കടൽ തീരത്തെ മനോഹരമായ കാഴ്ചകൾ, സമുദ്ര വിനോദങ്ങൾ എന്നിവ ജിദ്ദയെ സൗദിയിലെ പ്രധാന വിനോദസഞ്ചാര കവാടമായി ആഗോളതലത്തിൽ അടയാളപ്പെടുത്തുന്നു.
അമേരിക്കയിലെ പർഡ്യൂ സർവകലാശാലയിലെ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ ക്യുങ് ഹീ യൂനിവേഴ്സിറ്റിയുടെ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി അനലിറ്റിക്സ് സെൻറർ എന്നിവയുമായി സഹകരിച്ച് ‘യാനുൽജ റിസർച്ച്’ ആണ് ലോകത്തിലെ 200 പ്രധാന നഗരങ്ങളെ ഉൾപ്പെടുത്തി ഈ പട്ടിക പുറത്തിറക്കിയത്. ഹോട്ടലുകളുടെയോ വിമാനത്താവളങ്ങളുടെയോ എണ്ണം മാത്രം മാനദണ്ഡമാക്കുന്ന പരമ്പരാഗത രീതിയിൽനിന്ന് വ്യത്യസ്തമായി, ആഗോള ടൂറിസം ചർച്ചകളിൽ നഗരങ്ങളുടെ സാന്നിധ്യവും യാത്രക്കാരിൽ അവ ചെലുത്തുന്ന സ്വാധീനവും പോസിറ്റീവായ വികാരങ്ങളുമാണ് ഈ സൂചിക അളക്കുന്നത്.
നഗരങ്ങളുടെ പ്രകൃതിഭംഗി, സംസ്കാരവും ചരിത്രവും, ടൂറിസം അനുഭവങ്ങൾ, ഹോസ്പിറ്റാലിറ്റി എന്നീ നാല് പ്രധാന വിഭാഗങ്ങളിലായി 14 ഭാഷകളിലെ സോഷ്യൽ മീഡിയ വിവരങ്ങളും 419 പദങ്ങളും ആശയങ്ങളും വിശകലനം ചെയ്താണ് ഗവേഷകർ പട്ടിക തയാറാക്കിയത്. ഈ ആഗോള സൂചികയിൽ അമേരിക്കയിലെ ന്യൂയോർക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഫ്രാൻസിലെ പാരീസ് രണ്ടാമതെത്തി. ജപ്പാനിലെ ഒസാക, ക്യോട്ടോ, ദക്ഷിണ കൊറിയയിലെ സിയോൾ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ള മറ്റ് പ്രധാന നഗരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.