സൗദി മീഡിയ ഫോറം സമ്മേളനം വാർത്ത വിതരണ മന്ത്രി സൽമാൻ അൽദോസരി ഉദ്ഘാടനംചെയ്യുന്നു
റിയാദ്: നാലാമത് സൗദി മീഡിയ ഫോറം സമ്മേളനം വാർത്താവിതരണ മന്ത്രി സൽമാൻ അൽദോസരി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര പ്രമുഖരുൾപ്പടെയുള്ള മാധ്യമപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, 200 പ്രഭാഷകർ, മന്ത്രിമാർ, സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥർ, അക്കാദമിക് സ്ഥാപനങ്ങൾ, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ മാധ്യമസ്ഥാപന നടത്തിപ്പുകാർ, നിക്ഷേപകർ തുടങ്ങിയവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
മാധ്യമങ്ങളുടെ ഭാവി രൂപപ്പെടുത്തലും ഈ രംഗത്തെ പ്രതിഭകളെ ശാക്തീകരിക്കലും മാധ്യമ സ്ഥാപനങ്ങൾ, പത്രപ്രവർത്തകർ, ഉള്ളടക്ക സ്രഷ്ടാക്കൾ എന്നിവരെ ആദരിക്കലുമാണ് പ്രധാനപരിപാടികൾ.
ബുധനാഴ്ച ആരംഭിച്ച സമ്മേളനം വെള്ളിയാഴ്ച അവസാനിക്കും. പ്രധാന വിഷയങ്ങൾ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും.
മാധ്യമങ്ങളുടെ ഭാവി സൃഷ്ടിക്കുന്നതിൽ സാങ്കേതികവിദ്യയും അതിന്റെ സ്വാധീനവും, മാധ്യമ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിലെ അവസരങ്ങളും വെല്ലുവിളികളും, ഉള്ളടക്ക സൃഷ്ടിയിലെ നവീകരണവും സർഗാത്മകതയും, ആഗോള മാധ്യമ പ്രവണതകൾ, മാധ്യമങ്ങളിലെ സാംസ്കാരിക ഐഡന്റിറ്റിയും ഉത്തരവാദിത്തവും, സുസ്ഥിരതയും മാധ്യമങ്ങളും തുടങ്ങിയ വിവിധ സെഷനുകളും അജണ്ടകളുമായാണ് സമ്മേളനം പുരോഗമിക്കുന്നത്. അഞ്ച് തിയറ്ററുകളിലായി സംവേദനാത്മക പരിപാടികളും ശിൽപശാലകളും കൂട്ടത്തിൽ നടക്കുന്നുണ്ട്.
2030ഓടെ മാധ്യമമേഖലയിൽ ഒന്നരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വാർത്താവിതരണ മന്ത്രി പറഞ്ഞു. ‘ആളുകളെ കെട്ടിപ്പടുക്കുക, ലോകത്തെ പ്രചോദിപ്പിക്കുക, ഭാവി സൃഷ്ടിക്കുക’ എന്നിവയാണ് രാജ്യത്തിന്റെ ദൗത്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2024ൽ രാജ്യം 15,000 പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. അവയിൽ 4.2 കോടിയിലധികം സന്ദർശകർ പങ്കെടുത്തു.
ഞങ്ങളുടെ മുദ്രാവാക്യം ഭാവിയിലേക്ക് നോക്കുകയല്ല, മറിച്ച് അത് സൃഷ്ടിക്കുക എന്നതാണ്. 2025 വർഷത്തിനായുള്ള ഞങ്ങളുടെ അഭിലാഷങ്ങൾ കൈവരിക്കാൻ ഞങ്ങൾ തുടങ്ങിയിരിക്കുന്നുവെന്നും വാർത്താവിതരണ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.