റമദാൻ ആദ്യ ഇരുപത് ദിനം: ഇരുഹറമുകളിലെത്തിയത് 9.6 കോടി വിശ്വാസികൾ

മക്ക: റമദാനിലെ ആദ്യ ഇരുപത് ദിവസങ്ങളിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലുമായി 9.66 കോടി വിശ്വാസികൾ എത്തിയതായി ഇരുഹറം പരിപാലന ജനറൽ അതോറിറ്റി അറിയിച്ചു. ഉംറ തീർഥാടകരുടെയും നമസ്കാരത്തിനായി എത്തിയവരുടെയും എണ്ണം കൃത്യമായി വിലയിരുത്തുന്ന പ്രവർത്തന സൂചകങ്ങൾ ആസ്പദമാക്കിയാണ് അതോറിറ്റി ഈ കണക്കുകൾ പുറത്തുവിട്ടത്.

വിശ്വാസികളുടെ വൻ തിരക്കാണ് റമദാനിൽ പുണ്യനഗരങ്ങളിൽ അനുഭവപ്പെടുന്നത്. മക്കയിലെ മസ്ജിദുൽ ഹറാമിൽ മാത്രം ഇക്കാലയളവിൽ 1.56 കോടി തീർഥാടകർ ഉംറ നിർവഹിച്ചു. കൂടാതെ, അഞ്ച് നേരത്തെ നമസ്കാരങ്ങൾക്കും തറാവീഹ് ഉൾപ്പെടെയുള്ള രാത്രി നമസ്കാരങ്ങൾക്കുമായി 5.75 കോടി വിശ്വാസികളാണ് മക്കയിലെത്തിയത്.

മദീനയിലെ മസ്ജിദുന്നബവിയിലും സമാനമായ രീതിയിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. 2.11 കോടി ആളുകളാണ് മസ്ജിദുന്നബവിയിൽ നമസ്കാരത്തിനായി എത്തിയത്. ഇതിൽ 5,79,100 പേർ റൗദ ശരീഫിൽ നമസ്കരിക്കുകയും 17 ലക്ഷം പേർ പ്രവാചക സവിധത്തിലെത്തി സലാം അർപ്പിക്കുകയും ചെയ്തു.

റമദാൻ മാസത്തിൽ ഇരുഹറമുകളിലും എത്തുന്ന വിശ്വാസികൾക്കായി വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. സേവനങ്ങളുടെ ഗുണനിലവാരവും വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനവുമാണ് ഇത്രയധികം ആളുകളെ ഉൾക്കൊള്ളാൻ സഹായിക്കുന്നതെന്ന് ജനറൽ അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - First Twenty Days of Ramadan: 96 Million Worshippers Visited the Two Holy Mosques

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.