റിയാദ്: പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷാ വെല്ലുവിളികൾക്കിടെ സൗദി അറേബ്യയുടെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടന്ന അതിശക്തമായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ സൗദി പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയുമായി നടന്ന ആക്രമണ പരമ്പരകളിൽ ആകെ 24 സായുധ ഡ്രോണുകളും ഏഴ് ബാലിസ്റ്റിക് മിസൈലുകളുമാണ് ആകാശത്തുവെച്ച് വെടിവെച്ചിട്ടത്. രാജ്യത്തിന്റെ ഊർജ്ജ ഭദ്രതയെയും സുരക്ഷയെയും നേരിട്ട് ബാധിക്കുന്ന തരത്തിൽ നടന്ന ഈ നീക്കങ്ങളെക്കുറിച്ച് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.
ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഉൽപാദന കേന്ദ്രങ്ങളിലൊന്നായ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് റുബ് അൽ ഖാലി മേഖലയിലൂടെ എത്തിയ ഒമ്പത് ഡ്രോണുകൾ തകർത്തതാണ് ഇതിൽ ഏറ്റവും നിർണായകമായത്. ഇതിനുപുറമെ, ഖർജ് പട്ടണത്തിന് സമീപമുള്ള അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകളെയും പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. കിഴക്കൻ പ്രവിശ്യയെ ലക്ഷ്യം വെച്ചെത്തിയ എട്ട് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും, അൽ ഖർജ് മേഖലയിൽ എത്തിയ അഞ്ച് ഡ്രോണുകളും, ഹഫർ അൽ ബാത്തിനിൽ എത്തിയ രണ്ട് ഡ്രോണുകളും നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മാത്രം റുബ് അൽ ഖാലി, കിഴക്കൻ അൽ ജൗഫ്, അൽ ഖർജ് എന്നിവിടങ്ങളിലായി 15ലധികം ഡ്രോണുകളെയും ഒരു ബാലിസ്റ്റിക് മിസൈലിനെയും സൈന്യം നിർവീര്യമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിനും സാമ്പത്തിക താത്പര്യങ്ങൾക്കും നേരെ ഉയരുന്ന ഏതൊരു ഭീഷണിയെയും നേരിടാൻ പ്രതിരോധ സേന പൂർണ സജ്ജമാണെന്നും സുരക്ഷാ മുൻകരുതലുകൾ ശക്തമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സിവിലിയൻ മേഖലകളെയും തന്ത്രപ്രധാന സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചുള്ള ഇത്തരം നിരന്തരമായ ആക്രമണ ശ്രമങ്ങൾ മേഖലയിൽ വലിയ ആശങ്ക ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.