സൗദിയിൽ മരുന്ന് നിയമങ്ങൾ ലംഘിച്ച 17 സ്ഥാപനങ്ങൾക്ക് 15.7 ലക്ഷം റിയാൽ പിഴ

റിയാദ്: വിപണിയിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിലും ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനം കൃത്യമായി പാലിക്കുന്നതിലും വീഴ്ച വരുത്തിയ 17 ഔഷധ സ്ഥാപനങ്ങൾക്ക് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഭീമൻ പിഴ ചുമത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ നടത്തിയ പരിശോധനകളിലാണ് നടപടി. ആകെ 15.7 ലക്ഷം സൗദി റിയാലാണ് പിഴയായി ഈടാക്കിയത്.

മരുന്നുകളുടെ വിതരണവും വിൽപനയും തത്സമയം കൃത്യമായി രേഖപ്പെടുത്താതിരിക്കുക, ആവശ്യത്തിന് മരുന്നുകൾ സ്​റ്റോക്ക് ചെയ്യാതിരിക്കുക, മരുന്ന് ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി അറിയിക്കാതിരിക്കുക തുടങ്ങി ഗുരുതരമായ വീഴ്ചകളാണ് ഈ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

മരുന്നുകൾ വിതരണം ചെയ്യുന്ന വിവരങ്ങൾ അതോറിറ്റിയുടെ സിസ്​റ്റത്തിൽ അപ്പപ്പോൾ രേഖപ്പെടുത്താതിരുന്ന എട്ട് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. ഏറ്റവും കൂടുതൽ കണ്ടെത്തിയ നിയമലംഘനവും ഇതാണ്. മരുന്നുകളുടെ വിതരണം തടസ്സപ്പെടാനോ വിപണിയിൽ ക്ഷാമമുണ്ടാകാനോ സാധ്യതയുണ്ടെങ്കിൽ കുറഞ്ഞത് ആറ്​ മാസം മുമ്പെങ്കിലും അതോറിറ്റിയെ വിവരം അറിയിക്കണം. ഇത് പാലിക്കാത്ത നാല് സ്ഥാപനങ്ങൾക്കാണ് പിഴ ലഭിച്ചത്.

ആളുകൾ ഉപയോഗിക്കുന്നത് കുറവാണെന്ന കാരണം പറഞ്ഞ് രജിസ്​റ്റർ ചെയ്ത മരുന്നുകൾ വിപണിയിൽ എത്തിക്കാതിരുന്ന നാല് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. കമ്പനികൾ രജിസ്​റ്റർ ചെയ്ത എല്ലാ മരുന്നുകൾക്കും കുറഞ്ഞത് ആറ്​ മാസത്തേക്കുള്ള സ്​റ്റോക്ക് കൈയ്യിൽ കരുതണം. എന്നാൽ സ്​റ്റോക്കിൽ കുറവുണ്ടായിട്ടും മൂന്ന്​ മാസത്തിനുള്ളിൽ അത് നികത്താൻ പരാജയപ്പെട്ട ഒരു സ്ഥാപനത്തിനും പിഴ ചുമത്തി.

എന്താണ് ‘റസ്ദ്’ സിസ്​റ്റം?

മരുന്നുകൾ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുന്നത് മുതൽ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതുവരെ തത്സമയം നിരീക്ഷിക്കാൻ സൗദി അതോറിറ്റി ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യയാണ് 'റസ്ദ്'. വ്യാജ മരുന്നുകൾ വിപണിയിൽ എത്തുന്നത് തടയാനും, എല്ലാ സമയത്തും രോഗികൾക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യതയും സുരക്ഷയും ഉറപ്പാക്കാനുമാണ് ഈ സംവിധാനത്തിലൂടെ അതോറിറ്റി നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - Saudi Arabia fines 17 establishments 15.7 lakh riyals for violating drug regulations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.