റിയാദ്: ഡമസ്കസിലെ ക്രിസ്ത്യൻ പള്ളിയിൽ പ്രാർഥനക്കെത്തിയ മനുഷ്യരെ പൈശാചികമായി കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്ത ഭീകരാക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. നിരപരാധികളായ ഡസൻ കണക്കിന് ആളുകളുടെ നിഷ്ഠൂര കൊലപാതകത്തിനാണ് ഈ ഭീകരാക്രമണം ഇടവരുത്തിയത്. ഡമസ്കസിലെ ദ്വീല പ്രദേശത്തെ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചിൽ നടന്ന ഹീനമായ സംഭവത്തിൽ നിരവധിപേർക്കാണ് പരിക്കേറ്റത്.
ആരാധനാലയങ്ങൾ ലക്ഷ്യമിടുന്നതും സാധാരണക്കാരെ ഭയപ്പെടുത്തുന്നതും നിരപരാധികളുടെ രക്തം ചിന്തുന്നതും തള്ളിപ്പറയുന്ന സൗദിയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. എല്ലാത്തരം അക്രമങ്ങൾക്കും തീവ്രവാദത്തിനും ഭീകരതക്കുമെതിരെ സിറിയക്കുള്ള സൗദിയുടെ പിന്തുണ ആവർത്തിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആശംസിച്ചു. ഇരകളുടെ കുടുംബങ്ങൾക്കും സിറിയൻ സർക്കാരിനും ജനങ്ങൾക്കും ആത്മാർഥമായ അനുശോചനം അറിയിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.