ഐക്യരാഷ്ട്രസഭ സാമ്പത്തിക സാമൂഹിക സമിതി യോഗത്തിൽ സൗദി അംബാസഡർ അബ്ദുൽ മുഹ്സിൽ ബിൻ ഖതൈല സംസാരിക്കുന്നു
റിയാദ്: ഗസ്സയെ യുദ്ധോപകരണമാക്കുകയും അവിടേക്ക് മാനുഷിക സഹായം പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്ന ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സഭയിലെയും അന്താരാഷ്ട്ര സംഘടനകളിലെയും സൗദിയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുൽ മുഹ്സിൽ ബിൻ ഖതൈല പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക സമിതി യോഗത്തിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം സൗദി അറേബ്യയുടെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയത്. ഇസ്രായേൽ അധിനിവേശ സേന ഫലസ്തീൻ ജനതക്കെതിരെ നടത്തുന്ന ഗുരുതരമായ നിയമലംഘനങ്ങളെയും യുദ്ധക്കുറ്റങ്ങളെയും സൗദി ശക്തമായി അപലപിക്കുന്നു. സുസ്ഥിരമായ വെടിനിർത്തൽ ഉടനടി നടപ്പാക്കണം. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുള്ള ആഗോള സഖ്യത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്ന് കൊണ്ട് സൗദി അറേബ്യ ഫ്രാൻസുമായി സഹകരിച്ച് ഒരു സമാധാന സമ്മേളനം ഈ ജൂണിൽ നടത്താൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ അത് മാറ്റിവക്കുന്നതിലേക്ക് നയിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.
ആഗോളതലത്തിൽ മാനുഷിക ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിലും യുദ്ധങ്ങളും ദുരന്തങ്ങളും ബാധിച്ചവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിലും സൗദിയുടെ അചഞ്ചലമായ പ്രതിബദ്ധത സൗദി പ്രതിനിധി ആവർത്തിച്ചു. ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിലും സൗദി ഉദാരമായ സമീപനം തുടരുന്നുണ്ടെന്നും മാനുഷിക, വികസന മേഖലകളിൽ ഏറ്റവും കൂടുതൽ സഹായം നൽകുന്ന രാജ്യങ്ങളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സായുധ സംഘട്ടനങ്ങൾ പെരുകുകയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കുന്നത് കുറയുകയും ചെയ്യുന്നതിന്റെ ഫലമായി മാനുഷിക പ്രതിസന്ധികൾ കൂടുതൽ രൂക്ഷമായിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രതിസന്ധികളുടെ വേരുകൾ കണ്ടെത്തി അതിന് പരിഹാരം കാണുക എന്നതാണ് മനുഷ്യന്റെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനുള്ള മാർഗം. പ്രതിസന്ധികളെ നേരിടുന്നതിൽ ദുരിതാശ്വാസവും വികസനവും സംയോജിപ്പിക്കേണ്ടതുണ്ട്. കിങ് സൽമാൻ റിലീഫ് കേന്ദ്രം, സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് എന്നിവ ചേർന്ന് നടത്തുന്നത് അത്തരത്തിലുള്ള പ്രവർത്തനങ്ങളാണെന്നും അതാണ് സൗദി അറേബ്യയുടെ മാതൃകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.