മയക്കുമരുന്ന് കടത്ത്: അഞ്ച് എത്യോപ്യൻ സ്വദേശികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി

റിയാദ്: വൻതോതിൽ ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. അസീർ പ്രവിശ്യയിൽ വെച്ചാണ് ചൊവ്വാഴ്ച ഇവരുടെ ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

മയക്കുമരുന്ന് കടത്ത് സംഘത്തിൽ ഉൾപ്പെട്ട അലം അസ്ഫഹാനി ഹഖൂസ് നഖൂസ, കിബ്രം കൽഫ അർഖാവി ലമ, ലഖ്സ ഹെയ്ലു ഖബർ മറിയം ദസ്ത, മിലസ് ഖബർ മദീൻ ഖബറു വാലു, കിബ്രം തസ്ഫായ് ഖദീ മിലസ് എന്നീ എത്യോപ്യൻ സ്വദേശികളാണ് സുരക്ഷാ വിഭാഗത്തി​െൻറ പിടിയിലായിരുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഇവർ കുറ്റം ചെയ്തതായി തെളിയുകയായിരുന്നു.

തുടർന്ന് കേസ് പരിഗണിച്ച പ്രത്യേക കോടതി, കുറ്റങ്ങൾ പൂർണമായി ബോധ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിൽ പ്രതികൾക്ക് 'ഖത്ൽ തഅ്സീർ' (വധശിക്ഷ) വിധിക്കുകയായിരുന്നു. പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കാനുള്ള രാജകൽപ്പന പുറപ്പെടുവിച്ചത്.

രാജ്യത്തെ പൗരന്മാരുടെയും വിദേശി താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും മയക്കുമരുന്ന് എന്ന വിപത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളുടെ ജീവഹാനിക്കും യുവാക്കളുടെയും സമൂഹത്തി​െൻറയും നാശത്തിനും കാരണമാകുന്ന മയക്കുമരുന്ന് കടത്തുകാർക്കും വിതരണക്കാർക്കും നിയമപ്രകാരമുള്ള ഏറ്റവും കഠിനമായ ശിക്ഷ തന്നെ ഉറപ്പാക്കും. ഇത്തരം രാജ്യദ്രോഹ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Saudi Arabia carries out death penalty for five Ethiopians over drug smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.