സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹ്ബാസ് ഷരീഫും റിയാദിൽ കൂടിക്കാഴ്ച നടത്തുന്നു

സൗദി അറേബ്യയും പാകിസ്താനും കൂടുതൽ സഹകരണത്തിന് ധാരണ; വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തും

റിയാദ്: സൗദി അറേബ്യയും പാകിസ്താനും കൂടുതൽ സാമ്പത്തിക സഹകരണത്തിന് ധാരണയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള പൊതുവായ ആഗ്രഹം സംയുക്ത പ്രസ്താവനയിലൂടെ ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു.

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും തമ്മിൽ റിയാദിൽ നടന്ന നിർണായക കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. ഏകദേശം എട്ട് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന സൗദിയും പാകിസ്താനും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനം. ഇരു രാജ്യങ്ങളിലെയും നേതാക്കളെ ഒന്നിപ്പിക്കുന്ന സാഹോദര്യ ബന്ധവും ഇസ്‌ലാമിക ഐക്യദാർഢ്യവുമാണ് ഈ സഹകരണത്തിന് ഊർജ്ജം പകരുന്നത്.

പുതിയ സാമ്പത്തിക സഹകരണ ചട്ടക്കൂടിൽ, സാമ്പത്തിക, വ്യാപാര, നിക്ഷേപ, വികസന മേഖലകളിലെ ഗുണപരമായ നിരവധി പദ്ധതികൾ ചർച്ചാവിഷയമാകും. ഇരു സർക്കാറുകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയുടെ നിർണായക പങ്ക് വർധിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. ഊർജം, വ്യവസായം, ഖനനം, വിവരസാങ്കേതികവിദ്യ, ടൂറിസം, കൃഷി, ഭക്ഷ്യസുരക്ഷ എന്നിവ ഉൾപ്പെടെയുള്ള മുൻഗണനാ മേഖലകളിലെ ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാനും ഈ ചട്ടക്കൂട് സഹായകരമാകും.

ഇതിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളും നിലവിൽ നിരവധി സംയുക്ത സാമ്പത്തിക പദ്ധതികൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. സൗദിയും പാകിസ്താനും തമ്മിലുള്ള വൈദ്യുത പദ്ധതിക്ക് വേണ്ടിയുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കൂടാതെ, ഊർജ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രവും ഉടൻ ഒപ്പുവെക്കും. സഹോദരബന്ധം ദൃഢമാക്കാനുള്ള ഇരു രാജ്യങ്ങളുടെയും നിലവിലുള്ള ശ്രമങ്ങളുടെ തുടർച്ചയാണിത്.

വിവിധ സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ സുസ്ഥിരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലൂടെ ഇരു രാജ്യങ്ങളിലെയും നേതാക്കളുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ പൂർത്തീകരിക്കാനും പൊതുവായ താൽപര്യങ്ങൾ സംരക്ഷിക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ. സൗദി-പാകിസ്താൻ സുപ്രീം കോർഡിനേഷൻ കൗൺസിലിന്റെ യോഗം ഉടൻ ചേരുന്നതിന് ഇരു രാജ്യങ്ങളിലെയും നേതാക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Tags:    
News Summary - Saudi Arabia and Pakistan agree to further cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.