ജോർഡനിലെ സൗദി എംബസിയിൽ നടന്ന കൂടിക്കാഴ്ചക്കിടെ ഫലസ്തീൻ ധനമന്ത്രി ഉമർ
ബിതാറിന് സൗദി എംബസി ആക്ടിങ് ചാർജ് ഡി അഫയേഴ്സ് മുഹമ്മദ് ബിൻ ഹസൻ മുഅ്നിസ് സാമ്പത്തിക സഹായം കൈമാറുന്നു
റിയാദ്: ഇസ്രായേൽ അക്രമണത്തിൽ കഷ്ടത അനുഭവിക്കുന്ന ഫലസ്തീന് വീണ്ടും സാമ്പത്തിക സഹായം നൽകി സൗദി അറേബ്യ. ഫലസ്തീൻ എന്ന രാഷ്ട്രത്തിന് നൽകുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗമായാണിത്. കഴിഞ്ഞ വർഷം 500 കോടി ഡോളർ നൽകിയിരുന്നു.
ജോർഡനിലെ സൗദി എംബസിയിൽ നടന്ന കൂടിക്കാഴ്ചക്കിടെ ഫലസ്തീൻ ധനമന്ത്രി ഉമർ ബിതാറിന് സൗദി എംബസി ആക്ടിങ് ചാർജ് ഡി അഫയേഴ്സ് മുഹമ്മദ് ബിൻ ഹസൻ മുഅ്നിസ് തുക കൈമാറി. സൗദി നൽകുന്ന തുടർച്ചയായ സാമ്പത്തിക, രാഷ്ട്രീയ പിന്തുണക്ക് ഉമർ ബിതാർ നന്ദി പറഞ്ഞു. ഇസ്രായേലിന്റെ ക്രൂരമായ നയങ്ങളുടെ ഫലമായി ഫലസ്തീൻ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിൽ സൗദിയുടെ സഹായം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീൻ സർക്കാരിനെ പിന്തുണക്കുന്നതിനും സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ പ്രാപ്തമാക്കുന്നതിനുമുള്ള സൗദിയുടെ പ്രതിബദ്ധതയുടെ ചട്ടക്കൂടിനുള്ളിലാണ് സഹായം നൽകുന്നതെന്ന് മുഹമ്മദ് ബിൻ ഹസൻ മുഅ്നിസ് പറഞ്ഞു. ഫലസ്തീൻ ജനതയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലും സാമ്പത്തികവും മാനുഷികവുമായ വെല്ലുവിളികൾ നേരിടുമ്പോൾ അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിലും ഈ സഹായത്തിന്റെ പ്രാധാന്യം അദ്ദേഹം സൂചിപ്പിച്ചു.
ഫലസ്തീൻ രാഷ്ട്രത്തിന് മാനുഷിക, ദുരിതാശ്വാസ, വികസന രംഗങ്ങളിൽ ഉൾപ്പെടെ സൗദി അറേബ്യ സമീപ വർഷങ്ങളിൽ കഴിയുന്നത്ര സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.