റിയാദിലെ അൽ-മഅരീഫ യൂനിവേഴ്സിറ്റിയിൽ നടന്ന സൗദി ദേശീയദിനാഘോഷ ചടങ്ങിൽ യൂനിവേഴ്സിറ്റി പ്രസിഡൻറ് പ്രഫ. വലീദ് അബു അൽ-ഫറജ് ഷാജിത്തിന് പ്രശസ്തി പത്രവും ഉപഹാരവും സമ്മാനിച്ചപ്പോൾ
റിയാദ്: കറുത്ത നൂലും ആണിയും കൊണ്ട് സൗദി ഭരണാധികാരികളുടെ മനംകവരും ചിത്രങ്ങളൊരുക്കി പ്രവാസി ചിത്രകാരൻ. വൃത്താകൃതിയിലുള്ള കാൻവാസ് ഫ്രെയിമിനുള്ളിൽ ആണികളടിച്ച് അവയിൽ നൂലുവലിച്ചുകെട്ടി ചിത്രരൂപങ്ങൾ മെനഞ്ഞ് വിസ്മയം തീർത്തത് റിയാദിലെ മലയാളി ചിത്രകാരൻ ഷാജിത്ത് നാരായണനാണ്. വൃത്താകൃതിയിൽ എഴുന്നുനിൽക്കുന്ന ആണികൾക്കിടയിൽ കറുത്തനൂല് കൊണ്ട് ഇഴപാകിയപ്പോൾ തെളിഞ്ഞത് സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും മിഴിവുറ്റ ഛായാചിത്രങ്ങൾ.
മുന്നൂറു ആണികളും ഒന്നര കിലോമീറ്ററിലേറെ നീളമുള്ള കറുത്ത നൂലും ഉപയോഗിച്ചാണ് ഈ കരവിരുത്. വ്യത്യസ്തമായ മീഡിയങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ ചെയ്ത് ഇതിന് മുമ്പും ശ്രദ്ധേയനായ ഷാജിത്ത് ഇത്തവണ സൗദി അറേബ്യയുടെ 92-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് ആണിയും നൂലും കൊണ്ടുള്ള പരീക്ഷണത്തിന് ഒരുെമ്പട്ടത്. സൗദി ഭരണാധികാരികളോടുള്ള ആദരസൂചകമായി അവരുടെ ചിത്രങ്ങൾ ആണിയും നൂലും ഉപയോഗിച്ച് പുതുമയാർന്ന രീതിയിൽ ചിത്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി ആഴ്ചകളോളം നീണ്ട തയാറെടുപ്പുകൾ വേണ്ടി വന്നു. ഏകദേശം 12 മണിക്കൂറോളം സമയമെടുത്താണ് ഓരോ ചിത്രവും പൂർത്തീകരിച്ചത്. ഒരു ആണിയിൽനിന്ന് മറ്റൊന്നിലേക്കു നൂൽ കോർത്തിണക്കുമ്പോൾ കൃത്യമായി സമയമെടുത്തു ചെയ്‌താൽ മാത്രമേ ചിത്രത്തിൽ എത്താൻ സാധിക്കുകയുള്ളു. നല്ല സൂക്ഷ്മതയും ക്ഷമയും വേണ്ട ഒരു ചിത്രരചനാരീതിയാണ് ഇത്.
റിയാദിലെ അൽ-മഅരീഫ യൂനിവേഴ്സിറ്റിയിൽ നടന്ന സൗദി ദേശീയദിനാഘോഷ ചടങ്ങിൽ വച്ച് സർവകലാശാലയുടെ പ്രസിഡൻറ് പ്രഫ. വലീദ് അബു അൽ-ഫറജ് ഷാജിത്തിന് പ്രശസ്തി പത്രവും ഉപഹാരവും സമ്മാനിച്ചു. സൗദി ഭരണാധികാരികളുടെ മനോഹര ചിത്രങ്ങൾ വേറിട്ട രീതിയിൽ ചിത്രീകരിച്ച് സൗദി അറേബ്യയോട് തന്റെ സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ച ഷാജിത്തിനെ ചടങ്ങിൽ അദ്ദേഹം ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.
സൗദി പൗരന്മാരിൽനിന്നും തന്റെ സുഹൃത്തുക്കളിൽനിന്നും ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ഇതിനകം ലഭിച്ചിട്ടുള്ളതെന്ന് ഷാജിത്ത് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സമാന രീതിയിലുള്ള കൂടുതൽ ചിത്രങ്ങൾ തയാറാക്കാനുള്ള തീരുമാനത്തിലാണ് ഷാജിത്ത്.
വാട്ടർകളർ, ഓയിൽ, അക്രിലിക്, പാസ്റ്റൽ, പെൻസിൽ, കോഫി, അക്ഷരങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ആകർഷകമായ ഒട്ടനവധി ചിത്രങ്ങൾ ഇതിനകം വരച്ചിട്ടുണ്ട്. ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ സൗദി ദേശീയ ദിനത്തോടനുബന്ധിച്ചു അരിമണികൾ കൊണ്ട് വരച്ച സൗദി ഭരണാധികാരകളുടെ ചിത്രം ഒട്ടേറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കണ്ണൂർ ചൊവ്വ സ്വദേശിയായ ഷാജിത്ത് കുടുംബത്തോടൊപ്പം റിയാദിലാണ് താമസം. ഭാര്യ ഷൈജ. മക്കൾ അശ്വിൻ, ഐശ്വര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.